സ്പെഷ്യൽ മാര്യേജ് ആക്ട് (എസ്എംഎ) പ്രകാരം വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ദമ്പതികള്‍ സാക്ഷികളായി മാതാപിതാക്കളെ ഹാജരാക്കണമെന്ന് ബംഗളൂരുവിലെ സബ് രജിസ്ട്രാര്‍ ഓഫിസിന്റെ നിര്‍ദേശം. എസ്എംഎ നിലവിൽ വന്ന് 70 വർഷത്തിന് ശേഷമാണ് പുതിയ നടപടിയെന്ന് ദി ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്തു. എസ്എംഎ നിയമപ്രകാരം വിവാഹം കഴിക്കാന്‍ താല്പര്യപ്പെടുന്ന ആളുകളെന്ന രീതിയില്‍ ന്യൂസ് മിനിറ്റ് സംഘം ബംഗളൂരുവിലെ 40 സബ് രജിസ്ട്രാര്‍ ഓഫിസുകളെ സമീപിച്ചിരുന്നു. വിവാഹത്തിന് സാക്ഷികളാകാന്‍ മാതാപിതാക്കളെത്തണമെന്ന നിര്‍ദേശമാണ് ഉദ്യോഗസ്ഥര്‍ നല്‍കിയത്.
2022ൽ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ കൊണ്ടുവന്ന മതപരിവർത്തന വിരുദ്ധ നിയമം പ്രകാരമുള്ള പരാതികള്‍ ലഭിക്കുന്നതിനാലാണ് മാതാപിതാക്കളുടെ സമ്മതം ആവശ്യപ്പെടുന്നതെന്നാണ് വിശദീകരണം. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം പ്രായപൂർത്തിയായ മൂന്ന് സാക്ഷികൾ മാത്രമേ ആവശ്യമുള്ളൂ. കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ അല്ലെങ്കിൽ പരിചയക്കാരെയോ സാക്ഷികളായി ഹാജരാക്കാം. മുസ്ലിം- ഹിന്ദു വിവാഹത്തിന് ഹാജരാക്കേണ്ട സാക്ഷികളില്‍ വരന്റെയും വധുവിന്റെയും മാതാപിതാക്കളുണ്ടാകണമെന്ന് സബ് രജിസ്ട്രാര്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധം പിടിച്ച സാഹചര്യമുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.