Site icon Janayugom Online

ഹിജാബ് മൗലികാവകാശം അല്ലെന്ന് കര്‍ണാടക

hijab

ഹിജാബ് ധരിക്കാനുള്ള അവകാശം ഭരണഘടനയുടെ ആർട്ടിക്കിൾ 25ന്റെ പരിധിയിൽ വരില്ലെന്ന് കർണാടക സർക്കാർ ഹൈക്കോടതിയിൽ. ഭരണഘടനയുടെ 19(1)(എ) വിഭാഗത്തിലാണ് ഈ അവകാശം വരുന്നതെന്നും കർണാടകയ്ക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ പ്രഭുലിങ് നവാഡ്ഗി വാദിച്ചു. മതസ്വാതന്ത്ര്യത്തിനുള്ള അവകാശമാണ് 25ാം അനുച്ഛേദത്തിൽ പ്രതിപാദിക്കുന്നത്. 19(1)(എ) ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചാണ്. സ്ഥാപനങ്ങളുടെ അച്ചടക്കത്തിന് വിധേയമായി നിയന്ത്രണങ്ങളോടെ ഹിജാബ് ധരിക്കുന്നതിന് ഇന്ത്യയില്‍ വിലക്കില്ലെന്നും നവാഡ്ഗി വാദിച്ചു.

ഫ്രാന്‍സിലെ പൊതുയിടങ്ങളില്‍ ഹിജാബ് ധരിക്കുന്നതിന് നിരോധനമുണ്ട്. എന്നാല്‍ അതൊരു മുസ്‌ലിം വിരുദ്ധരാജ്യമല്ലെന്നും കര്‍ണാടക സര്‍ക്കാര്‍ വാദിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അകത്ത് ഹിജാബ് ധരിക്കുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. മറ്റെവിടെയും ഹിജാബ് ധരിക്കുന്നതിന് വിലക്കില്ല. ഹിജാബ് ധരിക്കുന്നത് മതത്തിന്റെ അടിസ്ഥാന ആചാരത്തില്‍ ഉള്‍പ്പെടുന്നതാണെന്ന വാദം പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് അഡ്വക്കേറ്റ് ജനറല്‍ വാദിച്ചു.

ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് ജെ എം ഖാസി, ജസ്റ്റിസ് കൃഷ്ണ എം ദീക്ഷിത് എന്നിവരടങ്ങിയ വിശാലബെഞ്ചാണ് സ്കൂളുകളില്‍ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന ഹർജി പരിഗണിക്കുന്നത്. കേസില്‍ ഇന്ന് വീണ്ടും വാദം തുടരും.

 

Eng­lish Sum­ma­ry: Kar­nata­ka says hijab is not a fun­da­men­tal right

Exit mobile version