ചൈനീസ് വിസ അഴിമതി കേസിൽ കോണ്‍ഗ്രസ് എംപി കാർത്തി ചിദംബരത്തിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തി ഡൽഹി കോടതി. കൂട്ടുപ്രതി ഭാസ്കർ രാമനെതിരെയും കുറ്റം ചുമത്തി. റോസ് അവന്യു കോടതിയിലെ പ്രത്യേക ജഡ്ജി (സിബിഐ) ഡിഗ് വിനയ് സിങ്ങിന്റേതാണ് നടപടി. കേസില്‍ ചേതൻ ശ്രീവാസ്തവ എന്ന ഒരാളെ വെറുതെ വിടുകയും ചെയ്തു.
2011 ൽ അദ്ദേഹത്തിന്റെ പിതാവ് പി ചിദംബരം കേന്ദ്ര ആഭ്യന്തര മന്ത്രിയായിരിക്കെയായിരുന്നു അഴിമതി. ഒരു പവർ കമ്പനിക്ക് വേണ്ടി 50 ലക്ഷം രൂപ കൈക്കൂലി വാങ്ങി 263 ചൈനീസ് പൗരന്മാര്‍ക്ക് വിസ സംഘടിപ്പിച്ചു നല്‍കിയെന്നാണ് കേസ്. ഇഡി അദ്ദേഹത്തിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസും ഫയൽ ചെയ്തിട്ടുണ്ട്. കാർത്തി ചിദംബരത്തിനും മറ്റുള്ളവർക്കുമെതിരെ സിബിഐ 2024 ഒക്ടോബറിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും അഴിമതി നിരോധന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരവും ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

