ഊർധ്വൻ വലിച്ചു
കാലത്തിൻ തിരശീലയ്ക്ക് പിറകിൽ മാഞ്ഞ
ഡിസംബർ
പിറകെ,
പുതുവർഷത്തിന്റെ മുറിച്ച
പൊക്കിൾക്കൊടിയിലൂടെ
ഊർന്നു വന്ന ചുവന്ന നനവ്
വരാനിരിക്കുന്ന ദിനങ്ങളുടെ
അസ്തിത്വം തേടി
ബാക്കിവച്ച ചെയ്തികളുടെ
കണക്കുപുസ്തകത്തിൽ
പുതുതായി ചേർക്കാനുള്ളവ കണ്ടെത്താൻ
ചിന്താസാഗരത്തില്‍ മുങ്ങിത്തപ്പി
കയ്യിലാദ്യം തടഞ്ഞ പാതി മഷിയുള്ള പേന
വാക്കുകൾ കൊണ്ട് ഊട്ടാനും ഉറക്കാനും
പുൽകാനും പുണരാനും
പിന്നെ…
കുത്തിക്കീറാനും കൊല ചെയ്യാനും ധാരാളം
ഇടയ്ക്ക് തെളിയാപാട് കാണുമ്പോൾ
തനിയെ
മഷിനിറയുന്ന
സ്വയമൊരു അക്ഷയപാത്രമാവാൻ കെൽപ്പുള്ള
മാന്ത്രികപ്പേന
മടിയേതുമില്ലാതെ, മൗനമായ് നിരന്തരം
ചലിക്കാനൊരുമ്പെടുന്ന പേനയാൽ
ജീവിതം തിരക്കാൽ മൗലികമാക്കാം
ചിന്തയാൽ മാനുഷികമാക്കാം
ചിരിയാൽ മയിൽപീലി വിടർത്താം
സ്വയം ചലിച്ചും ചിന്തയാൽ ചലിപ്പിച്ചും
വരും ദിനങ്ങളുടെ
കറുപ്പും വെളുപ്പും
തെളിയാനും തെളിയിക്കാനും കെൽപ്പുള്ളത്