തമിഴക വെട്രി കഴകം കരൂര്‍ സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ രാഷ്ട്രീയ റാലികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. രാഷ്ട്രീയ പാര്‍ട്ടികളുടെ റാലിക്കിടെ മരണം സംഭവിച്ചാല്‍ സംഘാടകരെ പ്രതികളാക്കുമെന്നും സ്ത്രീകള്‍ക്ക് പ്രത്യേക ഇരിപ്പിടം സജ്ജമാക്കണമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.
12 വയസിന് താഴെയുള്ള കുട്ടികളെ യാതൊരു കാരണവശാലും റാലികളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല.
കരൂര്‍ ദുരന്തത്തിന്റെ സാഹചര്യത്തില്‍ പ്രധാന റോഡുകളിലും ദേശീയ പാതകളിലും റാലി നടത്താന്‍ അനുവാദം നല്‍കില്ല. തയ്യാറെടുപ്പുകളും നടത്തിപ്പും വേഗത്തിലാക്കുന്നതിനായി ഈ മാസം അവസാനത്തോടെ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാന്‍ പുതിയതായി നിയോഗിച്ച അന്വേഷണ കമ്മിഷനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞമാസം 27 ന് കരൂര്‍ വോലുച്ചാമിപുരത്ത് ടിവികെ സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളും അടക്കം 41 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതേസമയം കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നല്‍കിയ ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കുന്നതിനായി മാറ്റി.

