Site iconSite icon Janayugom Online

കരൂർ ദുരന്തം; ടിവികെ നേതാക്കൾ റിമാൻഡിൽ

കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ടിവികെ കരൂർ വെസ്റ്റ്‌ ജില്ലാ സെക്രട്ടറി മതിയഴകൻ, കരൂർ സൗത്ത് സിറ്റി ട്രഷറർ പവൻരാജ് എന്നിവരെ റിമാൻഡ് ചെയ്തു. കരൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് കോടതിയുടേതാണ് ഉത്തരവ്. കോടതിവിധിക്കെതിരെ നിയമപോരാട്ടം തുടരുമെന്ന് ടിവികെയുടെ അഭിഭാഷകർ വ്യക്തമാക്കി.
അതേസമയം കരൂര്‍ ദുരന്തത്തില്‍ ഗൂഢാലോചന നടന്നതായി തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ് ആവര്‍ത്തിച്ചു. ഇത്രയും വേദന അനുഭവിച്ചിട്ടില്ലെന്നും സത്യം പുറത്തുവരുമെന്നും ദുരന്തത്തിന്റെ നാലാംനാള്‍ സോഷ്യൽ മീഡിയയിലൂടെ നടത്തിയ ആദ്യ പ്രതികരണത്തില്‍ വിജയ് പറഞ്ഞു.

ജനങ്ങളുടെ സുരക്ഷ അപകടത്തിലാക്കണമെന്ന് കരുതിയിരുന്നില്ല. നിര്‍ദിഷ്ടസ്ഥലത്ത് പ്രസംഗിക്കുകയല്ലാതെ തെറ്റായി ഒന്നുംചെയ്തിട്ടില്ല. പക്ഷേ, ടിവികെ നേതാക്കള്‍ക്കെതിരേയും സുഹൃത്തുക്കള്‍ക്കെതിരേയും സാമൂഹികമാധ്യമങ്ങളില്‍ പാര്‍ട്ടിയെ പിന്തുണച്ചവര്‍ക്കെതിരേയും പൊലീസ് കേസെടുത്തിരിക്കുകയാണ്. പക്ഷെ ഞങ്ങള്‍ ഊര്‍ജത്തോടെ തിരിച്ചു വരുമെന്നും വിജയ് പറഞ്ഞു.

രാഷ്ട്രീയ പ്രവര്‍ത്തനം ശക്തമായി തുടരും. അഞ്ച് ജില്ലകളില്‍ പരിപാടി സംഘടിപ്പിച്ചിരുന്നു. കരൂരില്‍ മാത്രം എങ്ങനെ ദുരന്തമുണ്ടായി എന്ന ചോദ്യം പ്രസക്തമാണെന്നും വിജയ് പറഞ്ഞു. മുഖ്യമന്ത്രി പ്രതികാരം ചെയ്യുകയാണോ? കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ ഉടൻ സന്ദർശിക്കുമെന്നും വിജയ് വീഡിയോ സന്ദേശത്തില്‍ പറയുന്നു. അതേസമയം ദുരന്തവുമായി ബന്ധപ്പെട്ട എഫ്‌ഐആറിൽ വിജയ്‌യുടെ പേര് പരാമർശിച്ചിട്ടില്ല.

വിജയ്‌യുടെ പ്രതികരണത്തെ ഡിഎംകെ നേതാക്കള്‍ വിമര്‍ശിച്ചു. സംഭവസ്ഥലത്തുനിന്ന് വിജയ് കടന്നുകളഞ്ഞത് കുറ്റബോധംകൊണ്ടാണെന്ന് ഡിഎംകെ എംപി എ രാജ ആരോപിച്ചു. വിജയ് പൊലീസ് നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതായിരുന്നുവെന്നും വിജയ് സഞ്ചരിച്ച ബസ് വേദിയില്‍നിന്ന് മീറ്ററുകള്‍ക്കപ്പുറത്തേക്ക് മാറ്റിയിടാന്‍ പൊലീസ് നിര്‍ദേശം നല്‍കിയിരുന്നതായും ഡിഎംകെ നേതാവ് കനിമൊഴിയും പറഞ്ഞു.

Exit mobile version