കരൂർ ദുരന്തത്തെ തുടർന്നുണ്ടായ മാനസിക വിഷമത്തില്‍ ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി. വിഴുപ്പുറത്ത് ബ്രാഞ്ച് സെക്രട്ടറി ആയ വി അയ്യപ്പൻ (50) ആണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യാകുറിപ്പിൽ സെന്തിൽ ബാലാജിക്കെതിരെ പരാമർശമുണ്ട്. ബാലാജിയുടെ സമ്മർദം കാരണം കരൂരിലെ പരിപാടിക്ക് സുരക്ഷയൊരുക്കിയില്ലെന്ന് അയ്യപ്പന്റെ ആത്മഹത്യാ കുറിപ്പിൽ ആരോപിക്കുന്നു. ദിവസവേതനക്കാരനായ അയ്യപ്പൻ മുൻപ് വിജയ് ആരാധകകൂട്ടായ്മയുടെ ഭാരവാഹി ആയിരുന്നു. ടിവിയിലെ വാർത്തകൾ കണ്ട് അയ്യപ്പൻ അസ്വസ്ഥൻ ആയിരുന്നതായി കുടുംബം വ്യക്തമാക്കുന്നു. അയ്യപ്പന്റെ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ടിവികെ അധ്യക്ഷൻ വിജയുടെ കരൂർ റാലിയിൽ ഉണ്ടായ തിക്കിലും തിരക്കിലുപ്പെട്ട് 41 പേരാണ് ഇതുവരെ മരിച്ചത്. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. അതേ സമയം കരൂര്‍ സന്ദര്‍ശിക്കാനുള്ള വിജയ്യുടെ അനുമതി നിഷേധിച്ചു.

