Site iconSite icon Janayugom Online

കരൂർ ആൾക്കൂട്ട ദുരന്തം; മരിച്ചവരുടെ കുടുംബാംഗങ്ങളെ നേരിൽ കണ്ട് വിജയ്

കരൂരിൽ തമിഴക വെട്രിക്കഴകം റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ച 41 പേരുടെ കുടുംബങ്ങളുമായി നടനും ടിവികെ അദ്ധ്യക്ഷനുമായ വിജയ് കൂടിക്കാഴ്ച നടത്തി. ചെന്നൈക്ക് സമീപം മാമല്ലപുരം (മഹാബലിപുരം) പൂഞ്ചേരിയിലുള്ള സ്വകാര്യ കേന്ദ്രത്തിൽ വെച്ചായിരുന്നു മൂന്ന് മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച. ഞായറാഴ്ചയോടെ പാർട്ടി ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തിൽ കുടുംബാംഗങ്ങളെ കരൂരിൽ നിന്ന് മാമല്ലപുരത്തേക്ക് എത്തിച്ചു. തിങ്കളാഴ്ച രാവിലെയോടെയാണ് വിജയ് ഓരോ കുടുംബങ്ങളെയും പ്രത്യേകം കണ്ട് അനുശോചനം അറിയിച്ചത്. വീടുകളിൽ കുടുംബങ്ങളെ സന്ദർശിക്കാനാവാത്തതിൽ വിങ്ങിപ്പൊട്ടി കരഞ്ഞുകൊണ്ട് വിജയ് മാപ്പുചോദിക്കുകയും കഴിയുന്ന എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തതായി ബന്ധുക്കൾ കൂടിക്കാഴ്ചക്ക് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞു.

കരൂരിൽ എത്തുന്നതിലെ നിയന്ത്രണവും സുരക്ഷാ കാരണങ്ങളുമാണ് കുടുംബാംഗങ്ങളെ മാമല്ലപുരത്ത് എത്തിച്ച് കൂടിക്കാഴ്ച നടത്താൻ കാരണമെന്ന് ടിവികെ നേതൃത്വം വ്യക്തമാക്കി. സെപ്റ്റംബർ 27ന് രാത്രി 7.30-ഓടെ ദുരന്തമുണ്ടായ ഉടൻ വിജയ് ചെന്നൈയിലേക്ക് മടങ്ങിയത് നേരത്തെ വലിയ വിവാദമായിരുന്നു. 

Exit mobile version