Site iconSite icon Janayugom Online

കരൂർ ദുരന്തം: വിജയ് നാളെ സിബിഐക്ക് മുന്നിൽ ഹാജരാകും

കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ് നാളെ ഡൽഹിയിലെ സിബിഐ ഓഫീസിൽ ഹാജരാകും. നാളെ രാവിലെ 11 മണിക്ക് അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിലെത്തുമെന്നാണ് വിവരം. കഴിഞ്ഞ സെപ്റ്റംബർ 27ന് കരൂരിൽ നടന്ന ടിവികെയുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ വൻ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിലാണ് വിജയ്‌യെ ചോദ്യം ചെയ്യുന്നത്. സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് ആരംഭിച്ച സിബിഐ അന്വേഷണം വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അജയ് രസ്തോഗിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പുരോഗമിക്കുന്നത്.

റാലിക്കിടെയുണ്ടായ സുരക്ഷാവീഴ്ചകളും മാനദണ്ഡങ്ങളുടെ ലംഘനവുമാണ് സിബിഐ പ്രധാനമായും പരിശോധിക്കുന്നത്. വിജയിനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി അദ്ദേഹത്തിന്റെ പ്രചാരണ വാഹനം സിബിഐ കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിൽ നേരത്തെ പാർട്ടി ഭാരവാഹികളിൽ നിന്നും സിബിഐ വിശദമായ വിവരങ്ങൾ ശേഖരിച്ചിരുന്നു. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ നടന്ന ആദ്യ വൻ റാലിയിലുണ്ടായ ഈ ദുരന്തം വിജയിനും പാർട്ടിക്കും വലിയ തിരിച്ചടിയായിരുന്നു. കേസിൽ സിബിഐ നടത്തുന്ന ചോദ്യം ചെയ്യൽ രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.

Exit mobile version