കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ കള്ളപ്പണ ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചു. 12,000ത്തിൽ അധികം പേജുകളുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. 55 പ്രതികളുള്ള കുറ്റപത്രത്തിൽ ബിജോയ് ആണ് ഒന്നാംപ്രതി. പി സതീഷ് കുമാർ 13-ാം പ്രതിയും സിപിഎം വടക്കാഞ്ചേരി നഗരസഭ കൗൺസിലർ പി ആർ അരവിന്ദാക്ഷൻ 14-ാം പ്രതിയുമാണ്.
എറണാകുളം പിഎംഎൽഎ കോടതിയിലാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്. ബാങ്കിന്റെ മുൻ കമ്മീഷൻ ഏജന്റ് ആയിരുന്നു ബിജോയി. ബാങ്കിന്റെ ഏജന്റായി പ്രവർത്തിച്ച ബിജോയ് കോടികൾ തട്ടിയെടുത്തുവെന്നായിരുന്നു നേരത്തെ വിജിലൻസിന്റെയും കണ്ടെത്തൽ. വിജിലൻസ് കേസിൽ അഞ്ചാം പ്രതിയായിരുന്നു ബിജോയി. സഹകരണവകുപ്പ് നടത്തിയ പരിശോധനയിലാണ് വൻ തട്ടിപ്പ് പുറത്ത് വരുന്നത്.
2021 ജൂലൈ 21ന് ബാങ്ക് സെക്രട്ടറിയുടെ പരാതിയിൽ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിരുന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ കേരള പൊലീസിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം തുടരുന്നത്.
English Summary: Karuvannur scam: ED files first charge sheet
You may also like this video