ദേശീയപാതയിൽ നിയന്ത്രണം വിട്ട പാചകവാതക ടാങ്കർ ലോറി തലകീഴായി മറിഞ്ഞു. അപകടം നടന്ന കാഞ്ഞങ്ങാട് സൗത്ത് മുതൽ ഐങ്ങോത്ത് വരെയുള്ള മൂന്ന് വാർഡുകളിൽ ജില്ലാ ഭരണകൂടം പ്രാദേശിക അവധി പ്രഖ്യാപിച്ചു. മംഗളൂരുവിൽനിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ടിഎൻ 28 എജെ 3659 നമ്പർ ലോറിയാണ് മറിഞ്ഞത്. എതിരെ വന്ന സ്വകാര്യ ബസിന് സൈഡ് നൽകുന്നതിനിടെ ലോറിയുടെ നിയന്ത്രണം തെറ്റുകയായിരുന്നു. അപകടത്തിൽ ലോറി ഡ്രൈവർക്ക് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ടാങ്കർ ലോറി മറിഞ്ഞതിനെത്തുടർന്ന് കാഞ്ഞങ്ങാട് നഗരസഭ പരിധിയിലെ കൊവ്വൽ സ്റ്റോറിൻ്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ വരുന്ന 18, 19, 26 വാർഡുകളിലാണ് അവധി പ്രഖ്യാപിച്ചത്. സ്കൂളുകൾ, അംഗൻവാടികൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയ്‌ക്കെല്ലാം അവധി ബാധകമാണ്. സൗത്ത് മുതൽ പടന്നക്കാട് വരെയുള്ള ദേശീയപാത വഴിയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചു. വീടുകളിൽ ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്നതിനും പുകവലിക്കുന്നതിനും ഇൻവെർട്ടർ ഉപയോഗിച്ചുള്ള വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അപകടസ്ഥലത്ത് വീഡിയോ ചിത്രീകരണവും പൊതുജനങ്ങളുടെ പ്രവേശനവും പൂർണ്ണമായി നിരോധിച്ചു. ടാങ്കർ സുരക്ഷിതമായി ഉയർത്തുന്നതുവരെ പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

