Site iconSite icon Janayugom Online

കാസർകോട് കേരളത്തിന്റെ സോളാർ ഹബ്ബ് ആകും; മുഖ്യമന്ത്രി

കാസർകോട് കേരളത്തിന്റെ സോളാർ ഹബ്ബ് ആകാൻ സാധ്യതയുള്ള പ്രദേശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചീമേനി, പെർദാല എസ്റ്റേറ്റുകളിലെ സോളാർ വൈദ്യുത നിലയങ്ങളുടെ നിർമ്മാണ പ്രവർത്തികളുടെ ഉദ്ഘാടനം ചീമേനി പഞ്ചായത്ത് ഗ്രൗണ്ടിൽ നിർവഹിച്ച സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കാസർകോട് ജില്ലയിൽ നിലവിൽ പൈവളിഗെയിലും അമ്പലത്തറയിലും കരിന്തളത്തും സോളാർ പാർക്കുകളുണ്ട്. ചീമേനിയിലും പെർഡാലയും കൂടി സൗരോർജ വൈദ്യുത നിലയം വരുന്നതോടെ കാസർകോട് കേരളത്തിന്റെ സോളാർ ഹബ്ബായി മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്ലാന്റേഷൻ കോർപ്പറേഷൻ കാസർകോട് ജില്ലയിലെ ചീമേനി എസ്റ്റേറ്റിലും പെർദാല എസ്റ്റേറ്റിലുമായി ലഭ്യമായ 300 ഏക്കറിൽ സോളാർ പ്ലാന്റ് സ്ഥാപിക്കുന്നതിനും നടത്തുന്നതിനും തയ്യാറുള്ള കമ്പനികളിൽ നിന്നും താൽപര്യ പത്രം ക്ഷണിക്കുകയും ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന നേച്ചർ ഡ്യൂ എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഇതിൽ തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തു. 

ഇതിന്റെ അടിസ്ഥാനത്തിൽ പ്ലാന്റേഷൻ കോർപ്പറേഷന്റെ അധീനതയിലുള്ള ഈ എസ്റ്റേറ്റുകളിൽ ബാറ്ററി സ്റ്റോറേജോടുകൂടിയ 110 മെഗാവാട്ട് സോളാർ നിലയം സ്ഥാപിക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്നും ചീമേനി എസ്റ്റേറ്റിൽ 80 മെഗാവാട്ട് നിലയവും പെർഡാല എസ്റ്റേറ്റിൽ 30 മെഗാവാട്ട് നിലയവുമാണ് വിഭാവനം ചെയ്യുന്നത്. ബാറ്ററി സ്റ്റോറേജ് കൂടി ഉൾപ്പെടുത്തി പീക്ക് സമയങ്ങളിൽ നാലുമുതൽ എട്ടുമണിക്കൂർ വരെ വൈദ്യുതി ലഭ്യമാക്കുന്ന നിലയിലാണ് പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് യാഥാർത്ഥ്യമാകുന്നതോടെ വടക്കൻ മലബാറിന്റെ വികസന കുതിപ്പിന് ഊർജ്ജം പകരും. 2027 മെയ് മാസത്തോടെ പദ്ധതി പൂർത്തീകരിച്ച് ഉത്പാദനം തുടങ്ങാൻ കഴിയും. 

ചീമേനി എസ്റ്റേറ്റിൽ നിന്നും 125 മില്യൺയൂണിറ്റും പെർഡാലയിൽ നിന്നും 47 മില്യൺ യൂണിറ്റും വൈദ്യുതി ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ ഡിപിആർ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. നിലയങ്ങളുടെ നിർമ്മാണത്തിന് ഏകദേശം 500കോടിയോളം രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നുണ്ടെന്നും വൈദ്യുതി കെഎസ്ഇബിക്ക് ലഭ്യമാക്കുന്നതിനാണ് ഉദ്ദേശിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎസ്ഇബിക്ക് ആവശ്യമായി വരുന്നില്ലെങ്കിൽ ഗ്രീൻ പവർ ആവശ്യമുള്ള സ്ഥാപനങ്ങളുമായി ധാരണയുണ്ടാക്കിയും പദ്ധതി പ്രവർത്തിപ്പിക്കാൻ കഴിയും. കേരളത്തിന്റെ വൈദ്യുതി വികസനത്തിൽ ചീമേനി, പെർഡാല സൗരോർജ വൈദ്യുതനിലയങ്ങൾ പ്രധാനപങ്കു വഹിക്കും. പദ്ധതിയുടെ നിർമ്മാണ സമയത്ത് പ്രത്യക്ഷത്തിൽ അഞ്ചുലക്ഷത്തോളം തൊഴിൽ ദിനങ്ങളും പദ്ധതിയുമായി ബന്ധപ്പെട്ട് 60 സ്ഥിരം ജോലികളും ഉണ്ടാകുമെനന്നും ഹരിതോർജ്ജം എന്ന നിലക്ക് പദ്ധതിക്കാലയളവിൽ മൊത്തത്തിൽ 35 ലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡ് ബഹിർഗമനം കുറക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ചടങ്ങിൽ എം രാജഗോപാലൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം, കയ്യൂർ‑ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി വി ജാനകി, വാർഡ് മെമ്പർ എ വി ലളിത, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. നേച്ചർ ഡ്യൂ എനർജി എം ഡി മാഹിൻ സുബൈർ സ്വാഗതവും കേരള പ്ലാന്റേഷൻ കോർപ്പറേഷൻ ചെയർമാൻ ഒ പി സലാം നന്ദിയും പറഞ്ഞു.

Exit mobile version