ജില്ലയുടെ ടൂറിസം രംഗം കോവിഡ് അനന്തരം ഉണര്‍വിന്റെ തീരങ്ങള്‍ തേടുന്നു. സഞ്ചാരികളുടെ ഇഷ്ടഭൂമിയായ ബേക്കല്‍ കോട്ടയും റാണിപുരവും മഞ്ഞംപൊതിക്കുന്നും കവ്വായിക്കായലുമെല്ലാം വീണ്ടും സഞ്ചാരികളെ എതിരേറ്റു തുടങ്ങി. സാമൂഹിക അകലം പാലിച്ച് മാസ്‌ക് ധരിച്ച് സാനിറ്റൈസറിന്റെ സുരക്ഷയില്‍ വിനോദം തേടി സഞ്ചാരികള്‍ എത്തിതുടങ്ങി. നവരാത്രി, ദീപാവലി ദിവസങ്ങളില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള സഞ്ചാരികളുടെ ഒഴുക്ക് ബേക്കലിലേക്കും ഉണ്ടായത് ടൂറിസം മേഖലയ്ക്ക് നവോന്‍മേഷം പകര്‍ന്നു. ബേക്കല്‍ ബീച്ച് പാര്‍ക്ക്, ചെമ്പരിക്ക ബീച്ച്, കാഞ്ഞങ്ങാട് ബീച്ച് തുടങ്ങി വിവിധ സ്ഥലങ്ങളിലും റാണിപുരം തുടങ്ങിയ ഹില്‍ സ്റ്റേഷനുകളിലും രണ്ട് മാസമായി സഞ്ചാരികള്‍ എത്തിത്തുടങ്ങി. വടക്കേ മലബാറിന്റെ തനതു സാംസ്‌കാരിക സമ്പത്തായ കളിയാട്ടക്കാലം ആരംഭിച്ചതിനാല്‍ തെയ്യം കാണുന്നതിനും ഗ്രാമീണ ഭംഗി ആസ്വദിക്കുന്നതിനുമായി വിനോദ സഞ്ചാരികളെ പ്രതീക്ഷിക്കുന്നുണ്ട്. തെയ്യക്കാലത്തിന്റെ പശ്ചാത്തലത്തില്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി കൂടുതല്‍ സഞ്ചാരികള്‍ ബേക്കലിലേക്കെത്തുമെന്നാണ് പ്രതീക്ഷ. വിനോദ സഞ്ചാര മേഖല പഴയ നിലയിലേക്കെത്തുന്നത് ഹോംസ്റ്റേ, സര്‍വ്വീസ്ഡ് വില്ല, പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഉള്‍പ്പെടെ ഈ മേഖലയിലുള്ള മറ്റ് സംരംഭങ്ങള്‍ക്കും ഉണര്‍വ്വേകും. കോവിഡ് കാലത്ത് സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാന്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയ്‌ക്കൊപ്പം വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കേറ്റും നിര്‍ബന്ധമാക്കിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കണമെന്ന് ഇടക്കിടെ സഞ്ചാരികളെ ഒര്‍മ്മിപ്പിക്കുന്നുണ്ട്. ബേക്കലില്‍ റിസോര്‍ട്ടിന്റെ നിര്‍മ്മാണം നിലച്ചുപോയിരുന്നു. ഇവിടെ വീണ്ടും സജീവമായി പ്രവൃത്തി നടന്നു വരികയാണ്. അധികം വൈകാതെതന്നെ റിസോര്‍ട്ട് പ്രവര്‍ത്തനക്ഷമമാക്കാന്‍ സാധിക്കും. റിസര്‍ട്ടുകളും മറ്റ് ടൂറിസം സംബന്ധമായ പ്രവര്‍ത്തനങ്ങളും പ്രവര്‍ത്തന സജ്ജമായതോടെ തൊഴിലവസരങ്ങളും പുന:സൃഷ്ടിക്കപ്പെട്ടു വരികയാണ്. കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നതോടെ പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ അവസരങ്ങള്‍ വര്‍ധിക്കുമെന്നും ബി.ആര്‍.ഡി.സി മാനേജര്‍ യു എസ് പ്രസാദ് പറഞ്ഞു.