Site iconSite icon Janayugom Online

കാശി വിശ്വനാഥ് ഇടനാഴി: തെരുവാധാരമായത് നൂറുകണക്കിന് കുടുംബങ്ങളും ചെറുകിട കച്ചവടക്കാരും

kashikashi

തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ട് പ്രഖ്യാപിച്ച കാശി വിശ്വനാഥ് ഇടനാഴിക്കുവേണ്ടി ആദ്യഘട്ടത്തില്‍ തെരുവാധാരമായത് നൂറുകണക്കിന് കുടുംബങ്ങളും ചെറുകിട കച്ചവടക്കാരും. അധികൃതരുടെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്ന് ഒഴിഞ്ഞവര്‍ക്കു ലഭിച്ചതാകട്ടെ തുച്ഛമായ നഷ്ടപരിഹാരവും. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 300ലധികം കുടുബങ്ങള്‍ക്കാണ് കിടപ്പാടം നഷ്ടമായത്.
കാശി വിശ്വനാഥ ക്ഷേത്രത്തിനടുത്ത് താമസിക്കുകയെന്നത് വിശ്വാസത്തിന്റെ ഭാഗമായി കണ്ട ഹിന്ദു കുടുംബങ്ങളും കുടിയൊഴിപ്പിക്കപ്പെട്ടു. അതുകൊണ്ടുതന്നെ പലരും ഒഴിഞ്ഞുപോകുവാന്‍ വിസമ്മതിച്ചുവെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ സമ്മര്‍ദമാണുണ്ടായത്. മതിയായ നഷ്ടപരിഹാരം ലഭിക്കാത്തതിനാല്‍ മറ്റൊരിടത്ത് സ്ഥലം വാങ്ങി വീടുവയ്ക്കാനാകാതെ വാടകയ്ക്ക് താമസിക്കുവാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് പലരും.
ചെറുകിട കച്ചവടക്കാരും വന്‍തോതിലുള്ള പ്രതിസന്ധിയാണ് നേരിടുന്നത്. ക്ഷേത്ര പരിസരത്ത് വിവിധ വസ്തുക്കള്‍ വിറ്റ് ഉപജീവനം നടത്തി വന്നിരുന്ന 300 ഓളം പേരുടെ കടകളാണ് പദ്ധതിക്കായി തകര്‍ക്കപ്പെട്ടത്. ചെറുകിട സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം, വലിയ കടകള്‍ക്ക് നാലു ലക്ഷം രൂപ വീതമായിരുന്നു നഷ്ടപരിഹാരമായി ലഭിച്ചത്. ബനാറസിലെ കണ്ണായ പ്രദേശത്ത് ഇത്രയും തുക ലഭിച്ചാല്‍ പകരം സ്ഥലമോ കെട്ടിടമോ കണ്ടെത്തുവാന്‍ സാധിക്കാത്ത സ്ഥിതിയിലാണ് ചെറുകിട വ്യാപാരികള്‍. അതുകൊണ്ടുതന്നെ ഭാവി ഇരുളടഞ്ഞ സ്ഥിതിയിലാണ് ഇവര്‍.

Eng­lish Sum­ma­ry: Kashi Vish­wanath Cor­ri­dor: Hun­dreds of fam­i­lies and small traders take to the streets

You may like this video also

Exit mobile version