കശ്മീരിലെ അനന്ത്നാഗിൽ ഭീകരരും സൈന്യവുമായി ഏറ്റുമുട്ടല്‍ തുടരുന്നു. കൊക്കേര്‍നാഗ് വനമേഖലയില്‍ നടക്കുന്ന പോരാട്ടം നാളെ ആറാം ദിവസത്തിലേക്ക് കടന്നു. ജമ്മു കശ്മീർ ഒരു പതിറ്റാണ്ടിനിടയിൽക്കണ്ട ഏറ്റവും നീണ്ട സൈനിക നീക്കമായി ഇത് മാറിയിട്ടുണ്ട്.
നിലവിൽ മൂന്ന് ഭീകരരെ വളഞ്ഞതായാണ് സൈന്യം അറിയിച്ചിട്ടുള്ളത്. ആയിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരാണ് തെരച്ചിൽ നടത്തുന്നത്. ലഷ്കർ ഭീകരൻ ഉസൈർ ഖാനടക്കം വനത്തിനുള്ളിൽ ഉണ്ടെന്നാണ് വിവരം.
ഭീകരർ ഒളിച്ചു താമസിക്കുന്നുവെന്ന് സംശയിക്കുന്ന വനപ്രദേശത്തേക്ക് ഇന്ന് നിരവധി തവണ മോർട്ടാർ ഷെല്ലുകൾ പ്രയോഗിച്ചു. തുടര്‍ച്ചയായ ഷെല്ലാക്രമണത്തില്‍ വനമേഖലയില്‍ നേരിയ തോതില്‍ തീപടര്‍ന്നു. ഉൾക്കാട്ടിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് തെരച്ചിലും നടത്തുന്നുണ്ട്. ഒരു ഗുഹയിൽ ഷെല്ലുകൾ പ്രയോഗിച്ചതിന് പിന്നാലെ ഭീകരർ രക്ഷപ്പെടാനായി ഓടുന്ന ദൃശ്യങ്ങൾ ഡ്രോണുകൾ പകർത്തിയിരുന്നു.
ബുധനാഴ്ച ആരംഭിച്ച ഏറ്റുമുട്ടലിൽ രണ്ട് സൈനികരും ഡിഎസ്പിയും വീരമൃത്യു വരിച്ചിരുന്നു. ഇതിനു പുറകേയാണ് തെരച്ചിൽ ശക്തമാക്കിയത്. ദുർഘടമായ ഭൂപ്രകൃതിയും മോശം കാലാവസ്ഥയും തെരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്. വനത്തില്‍ യുദ്ധം നടത്തുന്നതില്‍ പരിശീലനം ലഭിച്ചിട്ടുള്ളവരാണ് ഭീകരരെന്നാണ് സൂചന. മുന്‍നിരയില്‍ സ്‌പെഷ്യല്‍ ഫോഴ്‌സായ പാരാ കമാന്‍ഡോകളെയാണ് വിന്യസിച്ചിരിക്കുന്നത്. തൊട്ടു പിന്നാലെ രാഷ്ട്രീയ റൈഫിള്‍സും ജമ്മു കശ്മീര്‍ പൊലീസും തെരച്ചില്‍ നടത്തുന്നുണ്ട്.
ഒരു വശത്ത് ആഴമേറിയ കൊക്കകളുള്ള ഇടുങ്ങിയ വഴിയിലൂടെ മാത്രം പ്രവേശിക്കാന്‍ കഴിയുന്ന കുന്നിന്‍ മുകളിലെ ഗുഹയിലാണ് ഭീകരര്‍ ഒളിച്ചിരിക്കുന്നത്. പാകിസ്ഥാന്‍ സൈന്യം ഭീകരരെ പിന്തുണയ്ക്കുന്നതിനായി വെടിവയ്പ്പ് നടത്തുന്നതായും സൈന്യം പറയുന്നു. ജനവാസമേഖലയിലേക്ക് ഭീകരര്‍ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പു വരുത്താൻ പോഷ് ക്രീരി മേഖലയിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
English summary; Kashmir: Clashes Continue
you may also like this video;