സന്ദർശക പ്രവാഹമുള്ള സമയമായിരുന്നു അത്. കാലത്ത് ശ്രീനഗറിൽ നിന്ന് 85കി. മി. ദൂരം സോനാ മാർഗിലേക്കും അവിടുന്ന് സീറോ പോയിന്റിലേക്കുമുള്ള യാത്ര രസകരമായിരുന്നു. ഹിമാലയം തലയെടുപ്പോടെ വിരിമാറുകാട്ടി വിരാജിച്ചു നിൽക്കുന്നു. അല്പമകലെയാണെങ്കിലും ആ പർവത ശ്രേഷ്ഠനെ ഒന്നു തൊട്ടു നോക്കാൻ അടങ്ങാത്ത മോഹം.
നിങ്ങൾ അകലെ നിന്നോ അടുത്തുനിന്നോ പർവതങ്ങളെക്കാണുമ്പോഴാണ് നിങ്ങളുടെ നെഞ്ചളവ് എത്ര കുറഞ്ഞതാണെന്ന് ബോദ്ധ്യപ്പെടുകയെന്നാരോ പറഞ്ഞു വെച്ചത് ഓർമവന്നു.
ജനതിരക്കു കുറഞ്ഞ പ്രശാന്ത സുന്ദരമായ നിരത്തിലൂടെ ഞാനും കുടുംബവും യാത്ര തുടരുന്നതിനിടക്ക് ഞങ്ങളുടെ ടാക്സിയുടെ കാശ്മീരി സാരഥി ഉസ്താദ് ഇക്ബാൽ ഇടക്കിടെ കുട്ടികളോട് ഇംഗ്ലീഷിൽ തമാശ പറയുന്നത് കേൾക്കാൻ നല്ല കൗതുകം.
സന്ദർശക വണ്ടികൾ നിരനിരയായി നീങ്ങുന്നതിന്നിടക്ക് തടസമായി ചെമ്മരിയാട്ടിൻ കൂട്ടങ്ങൾ മാത്രമേയുണ്ടായിരുന്നുള്ളു. സുന്ദരമായ ഗ്രാമാന്തരീക്ഷവും അനന്യമായ കാഴ്ചകളും കണ്ടും നീങ്ങിയപ്പോൾ അരിച്ചു കയറിയ തണുപ്പ്. ആവശ്യത്തിന് ചുടുവസ്ത്രങ്ങൾ ധരിച്ചതിനാൽ ഞങ്ങൾക്ക് പ്രശ്നമായി തോന്നിയില്ല.
ടൂറിസ്റ്റ് സങ്കേതങ്ങളിലെ സ്ഥിരം കാഴ്ചവട്ടങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി ഇത്തരം കാഴ്ചകളാസ്വദിക്കാനാണ് എനിക്കിഷ്ടം. ചെമ്മരിയാട്ടിൻ കൂട്ടം നിരത്തിന്റെ വലതുവശത്തെ മനോഹാരിതയാർന്ന അരുവിക്കരയിൽ നിന്ന് റോഡിലേക്ക് കയറാൻ മിനക്കെട്ടപ്പോൾ ഞങ്ങൾ വണ്ടി നിർത്താൻ ഇക്ബാലിനോട് പറഞ്ഞു.
കാശ്മീരിയിലും ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ഒരു സങ്കര ഭാഷയിൽ ഡ്രൈവർ ഇക്ബാൽ വിനയത്തോടെ പറഞ്ഞു, “സർ, ഇങ്ങനെ ഒരുപാട് കൂട്ടങ്ങൾ വഴിയിലുണ്ടാവും. അതൊക്കെ മറി കടക്കാതെ നിർത്തി നിർത്തി പോയാൽ ഉദ്ദേശിച്ച സമയത്ത് നമുക്ക് സോനോമാർഗിലും പിന്നീട് സീറോ പോയിന്റിലും എത്താനാവില്ല. ഞങ്ങൾ കേരളത്തിൽ നിന്നാണെന്നറിയിച്ചപ്പോൾ ഇക്ബാൽ പറഞ്ഞു, “ഇന്ത്യയിൽ ജനിച്ചാൽ കേരളവും കാശ്മീരും കാണാതിരിക്കരുത്. ”
ഒരു കൊച്ചു പയ്യനാണ് വിലയ ആട്ടിൻ പറ്റത്തെ നിയന്ത്രിക്കുന്നത്. ആടിന്റെ ശബ്ദത്തിൽ അവയോട് ആശയവിനിമയം നടത്തുന്ന അവന്റെ മിടുക്ക് അപാരം. നീളമുള്ളൊരു വടി, മുഷിഞ്ഞെങ്കിലും നല്ല ഭംഗിയുള്ള തലപ്പാവ്, ഒരു നീളൻ കുപ്പായവും. അവൻ ഇപ്പോഴേ തന്റെ ജോലി ആസ്വദിക്കുന്നു. കാശ്മീരിന്റെ വശ്യസൗന്ദര്യം മുഴുവൻ ആവാഹിച്ച അവന്റെ നിഷ്കളങ്കമായ ചിരി ഇപ്പോഴും മനസ്സിൽ നിന്നു മായുന്നില്ല. ആട്ടിൻ കൂട്ടത്തിന്നു വളരെ മുന്നിലായി നീങ്ങുന്നത് അവന്റെ ബാപ്പയാവാം. വണ്ടി വീണ്ടുമൊതുക്കി ഞങ്ങൾ അവനോട് കൈനീട്ടിക്കാണിച്ചു. ആ കുസൃതി തിരിച്ചു കൈവീശുക മാത്രമല്ല രണ്ടുമൂന്ന് ഫ്ളയിംഗ് കിസ് അയച്ചു.
ഉച്ചഭക്ഷണത്തിന്നായി വിശാലമായൊരു തട്ടുകടക്ക് മുന്നിൽ വണ്ടി നിർത്തി. മലയാളികളാണെന്നറിഞ്ഞപ്പോൾ നല്ല സ്വീകരണം. “ചോറുണ്ട്” നടത്തിപ്പുകാരൻ കണ്ണിറുക്കി നമ്പറിട്ടു. കാലത്ത് കാര്യമായൊന്നും കഴിക്കാതിരുന്നതിനാൽ നീണ്ട ബസുമതിചോറും ചപ്പാത്തിയും കറിയുമെല്ലാമായി ശാപ്പാട് കുശാൽ.
അല്പം നീങ്ങിയപ്പോൾ മനുഷ്യന്റെ നിശ്ചയദാർഢ്യത്തിന്റെയും കഠിന പ്രയത്നത്തിന്റെയും പ്രതീകമായ കൂറ്റൻ ടണൽ നിർമ്മാണം കണ്ടു. പല ദിക്കുകളിൽ നിന്നുമുള്ള നൂറുകണക്കിന്നാളുകൾ കൂട്ടായി അവിശ്രമം ജോലി ചെയ്യുന്ന, ലഡാക്കിലേക്കുള്ള ദൂരം 40 കി. മിറ്ററോളം കുറയ്ക്കുന്ന ഈ ഭീമൻ ടണലിലൂടെ പന്ത്രണ്ട് ചക്ര ലോറികൾക്കും ഡബിൾ ഡക്കർ വാഹനങ്ങൾക്കും അനായാസം കടന്നു പോകാം. സൈനിക നീക്കങ്ങൾക്ക് ഈ ടണൽ അതിപധാനമാണ്.
റോഡിന്നിരുവശവും ചിന്നാർ മരങ്ങളും പൈൻ വൃക്ഷങ്ങളും ഇടക്ക് ദേവതാരുവും നിരനിരയായുണ്ട്. നമ്മുടെ നിലമ്പൂർ കന്നിമരതേക്കിനോടൊന്നും കിടപിടിക്കാനാവില്ലെങ്കിലും ചിന്നാർ മരങ്ങൾക്ക് നല്ല തിണ്ണബലവും തടിമിടുക്കുമുണ്ട്. സ്വർണപുൽമേട് എന്നർത്ഥം വരുന്ന സോനാ മാർഗിലെത്തുമ്പോഴെക്കും തണുപ്പ് കൂടിക്കൂടി വന്നു. 11 ഡിഗ്രി സെൽഷ്യസ്. ഉയരം 9200 അടിയിലധികം. ഇടക്കിടെ ശീതക്കാറ്റും, ചാറ്റൽമഴയും ചെറുചുഴലിക്കാറ്റും. മഞ്ഞുരുകിയൊലിക്കുന്ന മല നിരകളാൽ ചുറ്റപ്പെട്ട് ഈ മനോഹര താഴ്‌വരയിലെ ഒരു ഹോട്ടലിലാണ് താമസമൊരുക്കിയിരുന്നത്. നല്ല തിരക്കുള്ള വീഥികളിൽ കുതിര സവാരിക്കായി ആളുകൾ തടിച്ചു കൂടിയിരിക്കുന്നു. അസംഖ്യം കുതിരകളും അവയുടെ സാരഥികളും കർമ്മ നിരതരാണ്. ഡൽഹിക്കാരനായ ശാന്തി വർമ്മയും സംഘവും വൻതിരക്കിന്നിടയിലും ഞങ്ങളെ നന്നായി സ്വീകരിച്ചാനയിച്ചു.
സോനാ ഗ്രാമിൽ നിന്ന് സീറോ പോയിന്റിലേക്ക് സോജിലാ പാസ് വഴി 35 കി. മി. യാത്രക്ക് വേറെ ടാക്സി പിടിക്കണമെന്ന് ഡ്രൈവര്‍ പറഞ്ഞു. സോനാഗ്രാമിൽ നിന്ന് സീറോ പോയന്റിലേക്കുള്ള യാത്ര സ്വല്പം കഠിനവും സാഹസികവുമാണ്. മലയിടിഞ്ഞാൽ അതിലമർന്നുപോകും. മറുവശത്ത് മണ്ണിടിഞ്ഞാൽ അഗാധമായ താഴ്‌വരയിൽ മഞ്ഞായി രൂപം പ്രാപിക്കുന്ന അരുവികളിലൊന്നിൽ തണുത്തുറഞ്ഞുതീരും. ഉറുമ്പു ചാലുകൾ പോലെ മുന്നിലും പിന്നിലും വാഹനങ്ങളുടെ നീണ്ടനിരയാണ്. മിലിട്ടറി വാഹന വ്യൂഹങ്ങൾക്ക് കടന്നു പോകാനായി അവിടവിടെ മുപ്പത്-നാല്പത് മിനുട്ടുകൾ നീളുന്ന ഗതാഗത നിയന്ത്രണം. അതിലിടക്ക് ആവേശകരമായി തോന്നിയത് യുവദമ്പതികളടക്കം ബൈക്കുകളിൽ സീറോ പോയിന്റിലേക്ക് കൂസലില്ലാതെ നീങ്ങുന്ന യാത്രികരാണ്. മലയാളികളാണേറെയുള്ളത്.
അവസാനം സീറോ പോയിന്റിലെത്തിയപ്പോൾ ആൾക്കൂട്ടങ്ങൾ ആർത്തുല്ലസിച്ച്, മഞ്ഞു മലയിറങ്ങി വരുന്നു. അവിടേയ്ക്ക് കയറിപ്പറ്റുന്നു. അവർ മഞ്ഞുകട്ടകളുമായി ചങ്ങാത്തം കൂടാനുള്ള തത്രപ്പാടിലാണ്. നല്ല വേഗതയിൽ മഞ്ഞുമുകളിലൂടെയുള്ള സ്കെയിറ്റിംഗീനായി സഞ്ചാരികൾ തിടുക്കം കൂട്ടുന്നു. കുട്ടികളും യുവാക്കളും ഐസ് കട്ടകൾ അന്വോന്യമെറിഞ്ഞും ഫോട്ടോക്ക് പോസു ചെയ്തു പറന്നു കളിക്കുന്നു. തണുപ്പു കൂടി വരുന്നുണ്ട്. ഞാൻ അടിവാരത്ത് മാറിനിന്നു. അതിലിടക്ക് നാലഞ്ചു പേർ അവരുടെ മൊബൈൽ ക്യാമറ ഫോക്കസ് ചെയ്ത് എന്നോട് ഫോട്ടോയെടുത്തു കൊടുക്കാൻ അഭ്യർത്ഥിച്ചു. മലയിൽ നിന്ന് ഒലിച്ചിറങ്ങുന്ന മഞ്ഞും പുരുഷാരവും ഫോക്കസിലുണ്ട്.
സീറോ പോയിന്റിൽ നിന്നുള്ള മടക്കം താരതമേന്യെ അനായാസകരമായി. വൈകിയതിനാലാവാം സന്ദർശക വണ്ടികൾ കുറഞ്ഞു വരുന്നു. പകൽ അവസാനിക്കുമ്പോൾ മലകൾക്കും താഴ് വാരങ്ങൾക്കും കൂടുതൽ പ്രൗഢഭംഗി തോന്നി. കാശ്മീർ കുങ്കുമച്ചവികലർന്ന ആകാശത്തിന് അപ്പോൾ ഉദിച്ചുവന്ന ഒരു താരകം കാതുകുത്തിക്കൊടുക്കുന്ന തിരക്കിലാണ്. പിന്നെ നക്ഷത്രങ്ങളൊന്നൊന്നായി പ്രത്യക്ഷമായി തിളങ്ങുന്നു. തിരിച്ച് സോനാ ഗ്രാമിലെത്താറായപ്പോൾ, അത്ഭുതമെന്നു പറയട്ടെ മുമ്പ് കണ്ട ചെമ്മരിയാടുകൂട്ടത്തിന്റെ പ്രയാണം ആ വഴിക്കാണ്. മുന്നിൽ നിന്ന് നയിച്ച മുതിർന്ന ആട്ടിടയനാണിപ്പോൾ പിന്നിൽ നിന്നു ആട്ടിൻപറ്റത്തെ നയിക്കുന്നത്. നമ്മുടെ കുസൃതിപ്പയ്യൻ മുന്നിൽ എന്തോ പരിക്കു പറ്റിയ ഒരു കുഞ്ഞാടിനെ നെഞ്ചോട് ചേർത്തി നടക്കുന്നു. അപ്പോഴും അവന്ന് ക്ഷീണമില്ല. മുഖം പ്രസന്നമാണ്. എത്ര ക്ഷീണിച്ചാലും അവ അസഹിഷ്ണതയില്ലാതെ വലിയ ഒച്ചപ്പാടില്ലാതെ ഇടയന്മാരെ പ്രതീക്ഷയോടെ പിന്തുടർന്നു കൊണ്ടിരിക്കും.
സോനാ മാർഗിലെ ഹോട്ടലിൽ നിന്ന് രാത്രി ഭക്ഷണം തരപ്പെടുത്തി ഞങ്ങൾ ശ്രീനഗറിലേക്ക് മടക്കയാത്ര തുടങ്ങി. റോഡിലൂടെ രാത്രിയിൽ ഒറ്റയ്ക്കും കൂട്ടായും പെൺകുട്ടികളടക്കം യാത്ര ചെയ്യുന്നതു കണ്ടപ്പോൾ അതിശയം തോന്നി. ശ്രദ്ധേയമായി തോന്നിയ ഒരു വ്യത്യാസം, പരിസരബോധമില്ലാതെ അവർ മലയാളികുട്ടികളെപ്പോലെ സെൽഫോണിൽ മാന്തിക്കൊണ്ടല്ല നടന്നു നീങ്ങുന്നത്. കളിച്ചും ചിരിച്ചും ചുറ്റിലും കണ്ണോടിച്ചുമാണ്. സിആർപിഎഫ് വാഹനങ്ങളുടെ തലങ്ങും വിലങ്ങുമുള്ള പാച്ചിൽ കാണുമ്പോൾ മാത്രമാണ് കാശ്മീർ ഒരു അശാന്ത മേഖലയാണെന്ന് നമുക്കോർമ വരിക. രാത്രി വിശ്രമം ഹസ്രത്ത് ബാലിന്നടുത്ത ഒരു തടാകക്കരയിലെ പുരാതന ഹൗസ്ബോട്ടിൽ. ഇംഗീഷുകാർ നിർമ്മിച്ചതാണ് പ്രൗഢഗംഭീരമായ ഹൗസ്ബോട്ടുകളെല്ലാമെന്ന് അവിടുത്തെ സൂക്ഷിപ്പുകാർ പറഞ്ഞു.
കാലത്ത് കായലിലെ ചമ്മിയും പായലും കൊച്ചു ബോട്ടുകളിൽ വന്നു വലകളുപയോഗിച്ച് വൃത്തിയാക്കുന്നവരെ കണികണ്ടാണുർന്നത്. ഇത് കാശ്മീരിന്റെ ശുചിത്വ ബോധത്തിന്റെ ഉദാഹരണമാവാം. സഞ്ചരിച്ച് റോഡരികിലെവിടെയും ചവറുകൂനകൾ കണ്ടതായി ഓർക്കുന്നില്ല. ഹൗസ്ബോട്ടിൽ നിന്നു തന്നെ പ്രഭാതഭക്ഷണം കഴിച്ച് ഞങ്ങൾ ഷാലിമാർ ഗാർഡനിലേക്ക് നീങ്ങി. 30 ഏക്കറോളമുള്ള ഷാലിമാർ മുഗൾ ഗാർഡൻ കാലത്തേ സജീവമാണ്. ഒരു സംഘം ഫോട്ടോഗ്രാഫർമാർ ഞങ്ങളെ പിടികൂടി ഫോട്ടോക്ക് ക്ഷണിച്ചു. പരമ്പരാഗതമായ രാജകീയ കാശ്മീരി വസ്ത്രങ്ങളും അണിയിച്ച് വിവിധ പോസുകളിൽ ഞങ്ങളുടെ പടെമെടുത്തു.
ദാല്‍ തടാകത്തിന്റെ കിഴക്കു ഭാഗത്തെ നിഷാദ് ബാഗ് ഗാർഡനും (ഗാർഡൻ ഓഫ് ഡിലൈറ്റ്) കണ്ട് ഞങ്ങൾ സമീപത്തെ സമൃദ്ധമായ കൈത്തറി-കരകൗശല വസ്തു കേന്ദ്രങ്ങളിൽ കറങ്ങി നടന്നു. ഝലം നദിയുടെ പോഷക തടാകമാണിത്. സന്ദർശകരെ കയറ്റിയ അസംഖ്യം കൊച്ചു ഹൗസ് ബോട്ടുകൾ തലങ്ങും വിലങ്ങും നീങ്ങുന്നു. കൃത്രിമത്വമൊട്ടുമില്ലാതെ ബോട്ടു ജോലിക്കാർ ശ്രവണസുന്ദരമായ ഗാനങ്ങളുതിർത്തുകൊണ്ടിരുന്നു. ശ്രീനഗറിലെ രാജ്ബാഗിലെ പുതിയ താമസ സ്ഥലത്തിലേക്കടുത്തപ്പോൾ കാശ്മീർ വിദ്യാഭ്യാസ മേഖലയുടെ ഒരു പരിച്ഛേദവും സംസ്കാരവും കാണാനായി. നിരവധി പഠന കേന്ദ്രങ്ങൾ. സന്ധ്യാസമയമായതിനാൽ എല്ലാ റോഡുകളിലും വിദ്യാർത്ഥികളുടെ പ്രളയം. ആൺകുട്ടികളും പെൺകുട്ടികളും കളി പറഞ്ഞുല്ലസിച്ച് നീങ്ങുന്നു.
വാലി ഓഫ് ഷെപ്പേർഡ്സ് എന്നറിയപ്പെടുന്ന പഹൽഗാമിലേക്കുള്ള യാത്രയായിരുന്നു ശ്രദ്ധേയം, NH 44 ലൂടെയുള്ള യാത്രയിൽ ഭീകരാക്രമം മൂലം നാല്പതിലധികം പട്ടാളക്കാർ കൊല്ലപ്പെട്ട പുൽവാമ ദേശം ഡ്രൈവര്‍ ചൂണ്ടിക്കാട്ടിത്തരമ്പോൾ നടുക്കുന്ന ഓർമകൾ ഒരുവേള മനസ്സിനെ മഥിച്ചു. ഇപ്പോൾ പുൽവാമ ശാന്തമായി ഉറങ്ങുന്നു. അനന്തനാഗിലെത്തിയപ്പോൾ പോകേണ്ട വഴിയിലെ ഒരു നാൽക്കവല പട്ടാളം അടച്ചിരിക്കുന്നതായി കണ്ടു. ഡ്രൈവര്‍ ഇറങ്ങി കാരണമമ്പേഷിച്ചു. അല്പമകലെ ഭീകരർ ഒരു പോലീസുകാരനെ വെടിവെച്ചു കൊന്നതിനാൽ അവിടെ റെഡ് അലർട്ടാണ്. ചുറ്റിക്കറങ്ങി വീണ്ടും മെയിൻ റോഡിലെത്തി. അവിടുത്തെ ആർട്ട് വില്ലേജിൽ നിന്നും മറ്റും ചില്ലറ ഷോപ്പിംഗ് നടത്തി. കാശ്മീർ കുങ്കുമവും ്രൈഫ്രൂട്ട്സും ഷാളുകളും വാങ്ങാൻ വൻതിരക്കാണവിടെ. അവിടന്നു ഉച്ചഭക്ഷണം കഴിച്ച് യാത്ര തുടർന്നു. ഇരുവശത്തും ആപ്പിൾ തോട്ടങ്ങൾ. പഹൽഗാമിലെത്താറായപ്പോൾ ഒരു ഹർത്താൽ സാദ്ധ്യതയെക്കുറിച്ച് അഭ്യൂഹം. തിരിച്ചു പോകണോ അതോ യാത്ര തുടരണോ? വല്ലാത്ത സന്ദേഹം. പിറ്റേന്ന് തന്നെ ശ്രീനഗറിൽ നിന്ന് മടങ്ങേണ്ടതിനാൽ മറ്റിടങ്ങളിലെല്ലാം ഒന്ന് പെട്ടെന്ന് കറങ്ങിയിറങ്ങി. ഹർത്താൽ വെറും ഊഹാപോഹം മാത്രമായിരുന്നു.