കശ്മീർ തീവ്രവാദ റിക്രൂട്ട്മെന്റ് കേസിൽ പത്ത് പ്രതികളുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി. തടിയന്റവിട നസീർ ഉൾപ്പെടെയുള്ള പ്രതികളുടെ ശിക്ഷയാണ് കോടതി ശരിവച്ചത്. രണ്ടാം പ്രതിയടക്കം മൂന്ന് പേരെ വെറുതെവിട്ടു. മറ്റ് പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി. ചില കുറ്റങ്ങൾ ഒഴിവാക്കിയതിനെതിരായ എൻഐഎയുടെ അപ്പീൽ കോടതി അംഗീകരിച്ചു.
ജസ്റ്റിസുമാരായ വിനോദ് ചന്ദ്രൻ, സി ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. എൻഐഎ കോടതിയുടെ ശിക്ഷ ചോദ്യം ചെയ്ത് തടിയന്റവിട നസീർ, സർഫറാസ് നവാസ്, സാബിർ പി ബുഹാരി തുടങ്ങി പ്രതികളാണ് അപ്പീൽ നൽകിയത്. എന്നാൽ പ്രതികൾക്കെതിരെ ചുമത്തിയ ചില കുറ്റങ്ങൾ വിചാരണക്കോടതി ഒഴിവാക്കിയത് ചോദ്യം ചെയ്തായിരുന്നു എൻഐഎയുടെ അപ്പീൽ.
2013ൽ കേസിലെ മുഖ്യപ്രതി അബ്ദുൽ ജബ്ബാറിനു നാലു ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയും കൊച്ചി എൻഐഎ കോടതി ശിക്ഷ വിധിച്ചിരുന്നു. സാബിർ പി ബുഹാരി, സർഫറാസ് നവാസ് എന്നിവർക്കു മൂന്നു ജീവപര്യന്തവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു.
തടിയന്റവിട നസീർ ഉൾപ്പെടെയുള്ള 10 പ്രതികൾക്കും ഇരട്ട ജീവപര്യന്തവും ഒരു ലക്ഷം രൂപവീതം പിഴയുമാണ് ശിക്ഷ. കേസിലെ രണ്ട്, 14, 22 പ്രതികളെയാണ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്.
നസീർ അടക്കമുള്ളവരുടെ നേതൃത്വത്തിൽ 2008ൽ പാക് ഭീകര സംഘടനയായ ലഷ്കർ ഇ ത്വയ്ബയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തതെന്നുള്ളതാണ് കേസ്. 24 പ്രതികളുണ്ടായിരുന്ന കേസിൽ നാലുപേർ അതിർത്തിയിൽ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. രണ്ടു പേർ ഇപ്പോഴും ഒളിവിലാണ്. 18 പ്രതികളിൽ അഞ്ചുപേരെ വിചാരണക്കോടതി കുറ്റവിമുക്തരാക്കി.
English Summary: Kashmir Recruitment Case: High Court upholds sentence of 10 accused
You may like this video also