Site iconSite icon Janayugom Online

കശ്മീര്‍ ടൈംസ് പത്രത്തിന്റെ ഓഫീസില്‍ റെയ്ഡ്; എകെ 47 വെടിയുണ്ടകൾ പിടിച്ചെടുത്തു

ജമ്മുവിലെ കശ്മീര്‍ ടൈംസ് ഓഫിസില്‍ നടത്തിയ പരിശോധനയില്‍ എകെ 47 വെടിയുണ്ടകൾ, പിസ്റ്റളുകള്‍, മൂന്ന് ഗ്രനേഡ് ലിവറുകള്‍ എന്നിവ കണ്ടെത്തി. രാജ്യത്തിന്റെ പരമാധികാരത്തിന് ഹാനികരമായ ഉള്ളടക്കം പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് ജമ്മുവിലെ റെസിഡന്‍സി റോഡില്‍ സ്ഥിതി ചെയ്യുന്ന പത്രത്തിന്റെ ഓഫീസില്‍ സംസ്ഥാന പൊലീസിന്റെ സ്റ്റേറ്റ് ഇന്‍വസ്റ്റിഗേഷന്‍ (എസ്‌ഐഎ) സംഘം റെയ്ഡ് നടത്തിയത്. 

മണിക്കൂറുകള്‍ നീണ്ടു നിന്ന തിരച്ചിലാണ് നടന്നത്. ഇന്ത്യയുടെയും കേന്ദ്രഭരണ പ്രദേശത്തിന്റെയും പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും ഭീഷണി ഉയര്‍ത്തുകയും വിഭജനവാദത്തെ മഹത്വവല്‍ക്കരിക്കുകയും ചെയ്തു എന്നാരോപിച്ച് കശ്മീര്‍ ടൈംസ് എഡിറ്റര്‍ അനുരാധ ഭാസിനെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു.

അതേസമയം, തങ്ങളെ നിശ്ശബ്ദരാക്കാനുള്ള മറ്റൊരു ശ്രമമാണ് ഓഫീസിലെ പരിശോധനകളെന്ന് കശ്മീര്‍ ടൈംസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. ‘വിമര്‍ശനാത്മക ശബ്ദങ്ങള്‍ കുറഞ്ഞുവരുന്ന ഒരു കാലഘട്ടത്തില്‍, അധികാരത്തോട് സത്യം പറയാന്‍ തയ്യാറുള്ള ചുരുക്കം ചില സ്വതന്ത്ര മാധ്യമ സ്ഥാപനങ്ങളില്‍ ഒന്നായി ഞങ്ങള്‍ നിലകൊള്ളുന്നു. ആ ജോലി തുടരുന്നതുകൊണ്ടാണ് അവര്‍ കൃത്യമായി ഞങ്ങളെ ലക്ഷ്യമിടുന്നത്. ഞങ്ങള്‍ക്ക് നേരെയുള്ള ആരോപണങ്ങള്‍ ഭയപ്പെടുത്താനും, നിയമസാധുത ഇല്ലാതാക്കാനും, ഒടുവില്‍ നിശബ്ദരാക്കാനും വേണ്ടിയുള്ളതാണ്. പക്ഷേ, ഇതുകൊണ്ടൊന്നും ഞങ്ങള്‍ നിശബ്ദരാകില്ല.’ പ്രസ്താവനയില്‍ പറയുന്നു.

Exit mobile version