കടലിൽ കാറ്റാടിപ്പാടമായി പ്രവർത്തിക്കുന്ന കപ്പലുകൾ നിർമ്മിച്ചു നൽകാൻ കൊച്ചി കപ്പൽശാലയ്ക്ക് ആയിരം കോടി രൂപയുടെ വിദേശ കരാർ ലഭിച്ചു. നാവികസേനയ്ക്ക് ഐഎൻഎസ് വിക്രാന്ത് കൈമാറിയതിന് പിന്നാലെയാണ് യൂറോപ്പിലെ പ്രമുഖ കമ്പനിയുടെ വൻ ഓർഡർ ലഭിച്ചത്. കടലിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന കാറ്റാടിപ്പാടത്തിന് സഹായമായി പ്രവർത്തിക്കുന്ന കമ്മിഷനിങ് സർവീസ് ഓപ്പറേഷൻ വെസൽസ് (സിഎസ്ഒവി) ആണ് നിർമ്മിക്കുക. കൂടുതൽ ഓർഡറുകൾ ഇവരിൽ നിന്ന് ലഭിക്കുമെന്ന് കപ്പൽശാല അധികൃതർ അറിയിച്ചു.
കടലിലെ ഊർജ്ജ ഉല്പാദനത്തിന് അനുയോജ്യമായാണ് കപ്പൽ രൂപകല്പന ചെയ്യുന്നത്.
ക്രെയിൻ, പ്രത്യേക ദൗത്യ ഉപകരണങ്ങൾ, ഹെലിപാഡ് തുടങ്ങിയവ കപ്പലിലുണ്ടാകും. താമസ സൗകര്യം, ഡൈനാമിക് പൊസിഷനിംഗ് എന്നിവയുമുണ്ടാകും. കാർബൺ ബഹിർഗമനം ഒഴിവാക്കാൻ ഹരിത സംവിധാനങ്ങളും പാരമ്പര്യേതര ഊർജ്ജവും വിനിയോഗിക്കും. മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ വേൾഡ് പദ്ധതിയുടെ ഭാഗമായാണ് പുതിയ കരാർ. കപ്പൽ നിർമ്മാണത്തിൽ അന്താരാഷ്ട്രതലത്തിൽ രണ്ടു പതിറ്റാണ്ടായി മുൻപന്തിയിലാണ് കൊച്ചി കപ്പൽശാല. 50 ലേറെ കപ്പലുകളാണ് അമേരിക്ക, ജർമ്മനി, നെതർലാൻഡ്സ്, നോർവെ, ഡെന്മാർക്ക്, മദ്ധ്യ പൂർവേഷ്യ എന്നിവിടങ്ങളിലേക്ക് നിർമ്മിച്ച് നൽകിയത്. ഓഫ്ഷോർ പ്രവർത്തനങ്ങൾക്കുള്ള കപ്പലുകൾ യൂറോപ്യൻ രാജ്യങ്ങൾക്കായി നിർമ്മിച്ചുനൽകിയിട്ടുണ്ട്. മലിനീകരണം ഇല്ലാത്ത, വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ചരക്കുകപ്പലുകൾ നോർവേയ്ക്ക് വേണ്ടി നിർമ്മിച്ചും മികവ് തെളിയിച്ചു.
English Summary: Katadipadam Shipbuilding: 1000 crore order for cochin shipyard
You may also like this video