വയനാട് പനവല്ലി അപ്പപ്പാറ റോഡിൽ സ്‌കൂട്ടർ യാത്രികന് നേരെ കാട്ടാനയുടെ ആക്രമണം. ഭിന്നശേഷിക്കാരനായ അരണപ്പാറ വാകേരി ഷിബു സഞ്ചരിച്ച സ്‌കൂട്ടറിന് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. ആനയെക്കണ്ട് കൃത്യ സമയത്ത് ഓടിമാറിയതിനാലാണ് ഷിബുവിന് പരിക്കേൽക്കാതെ രക്ഷപ്പെടാൻ കഴിഞ്ഞത്.
ഷിബു ജോലി ചെയ്യുന്ന റിസോർട്ടിലേക്ക് പോകുന്ന വഴിക്കായിരുന്നു സംഭവം. ഓടിയെത്തിയ ആന ഷിബുവിൻ്റെ സ്‌കൂട്ടർ കുത്തിമറിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഷിബു വയലിനോട് ചേർന്ന ഫെൻസിങ്ങിന് ഉള്ളിലേക്ക് ഓടി കയറിയതിനാലാണ് വലിയ അപകടം ഒഴിവായത്. സംഭവസ്ഥലത്തെത്തിയ വനപാലകർ ഷിബുവിനെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ പരിക്കുകൾ സാരമുള്ളതല്ലെന്ന് വ്യക്തമായതിനെത്തുടർന്ന് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഷിബുവിനെ ആശുപത്രിയിൽ നിന്ന് വിട്ടയച്ചു.

