ഹൈസ്കൂൾ വിഭാഗം കഥകളിയിൽ മിന്നും പ്രകടനം കാഴ്ചവച്ച കെ എ അശ്വിൻ കൃഷ്ണന് ഇത് വെറും മത്സരയിനം മാത്രമല്ല, ജീവിതത്തിന്റെ ഭാഗം കൂടിയാണ്. ‘വാനപ്രസ്ഥം’ സിനിമയിൽ മോഹൻലാലിന്റെ ചെറുപ്പകാലം അഭിനയിച്ച് സിനിമയിലെത്തിയ അച്ഛൻ അരുൺബാബു, കഥകളി ആശാനായ മുത്തച്ഛൻ കലാനിലയം ബാലകൃഷ്ണൻ… അശ്വിന്റെ കഥകളി പൈതൃകം അത്രമേൽ സമ്പന്നമാണ്. ഇവർക്കൊപ്പം സഞ്ചരിക്കാനാണ് തനിക്കും ഇഷ്ടമെന്ന് തെളിയിക്കുകയാണ് അശ്വിൻ.
എച്ച്എസ് വിഭാഗം കഥകളിക്ക് സ്റ്റേജിൽ കയറുമ്പോൾ അച്ഛനും മുത്തച്ഛനും സദസിലുണ്ടായിരുന്നു. മത്സരം കഴിഞ്ഞപ്പോൾ ഇരുവരും അശ്വിനെ ചേർത്തണച്ചു. എ ഗ്രേഡ് നേടി അശ്വിൻ പ്രതീക്ഷ കാത്തു. നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയ മുത്തച്ഛന്റെ അവതരണങ്ങൾ കണ്ടാണ് കൊച്ചുമകനും കഥകളിയിൽ കമ്പം തോന്നിയത്. കലൂർ സെന്റ് ജൊവാക്കിംസ് എച്ച്എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അശ്വിൻ അഞ്ച് വയസ് മുതൽ മുത്തച്ഛനു കീഴിൽ പരിശീലനം തുടങ്ങി. കേന്ദ്രസർക്കാരിന്റെ സിസിആർടി സ്കോളർഷിപ്പോടെയാണ് കഥകളി അഭ്യസിക്കുന്നത്. ഓട്ടൻതുള്ളൽ — കഥകളി കലാകാരനായ അച്ഛൻ അരുൺബാബുവും ഭരതനാട്യം കലാകാരിയായ അമ്മ രമ്യ രവീന്ദ്രനും കതൃക്കടവിൽ ‘നൂപുര’ സംഗീത‑നൃത്ത വിദ്യാലയം നടത്തുന്നു. അരുൺബാബു സിനിമാ നിർമ്മാതാവ് കൂടിയാണ്.

