Site iconSite icon Janayugom Online

ബാലസോർ അപകടം റയിൽവേമന്ത്രി നിസാരവല്‍ക്കരിക്കുന്നു; പി സന്തോഷ് കുമാർ

ട്രെയിൻ യാത്രാ സുരക്ഷാ ഉറപ്പാക്കുന്നതിനുള്ള പദ്ധതിയായ കവച് നടപ്പാക്കുന്നതില്‍ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് അഡ്വ. പി സന്തോഷ് കുമാർ എംപി. രാജ്യത്തെ നടുക്കിയ ബാലസോർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുതിയ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് നിലവിലുള്ള സംവിധാനങ്ങളുടെ നീണ്ട പട്ടിക നിരത്തുക മാത്രമാണ്റയിൽവെ മന്ത്രി ചെയ്തിട്ടുള്ളതെന്ന് സന്തോഷ് കുമാർ പറഞ്ഞു.

ബിജെപി സർക്കാർ കൊട്ടിഘോഷിച്ചു കൊണ്ട് നടപ്പാക്കിയ സുരക്ഷാപദ്ധതിയായ ‘കവചി’ നെപ്പറ്റിയുള്ള ചോദ്യത്തിനുള്ള ഉത്തരം വ്യക്തമാക്കുന്നത് പദ്ധതി അതിവേഗം യാഥാർഥ്യമാക്കാനുള്ള യാതൊരു നീക്കവും സർക്കാർ ഇതുവരെ നടത്തിയിട്ടില്ല എന്നാണ്. 2016ൽ ആണ് കവചിന്റെ ആദ്യ ട്രയൽ റൺ പാസഞ്ചർ ട്രെയിനുകളിൽ നടത്തിയത്. പക്ഷേ, തുടർന്ന് മൂന്നു വർഷം കഴിഞ്ഞ്, 2018–19ൽ മാത്രമാണ് സേഫ്റ്റി അസസ്മെന്റ് പൂർത്തിയാക്കിയശേഷം, ‘കവചം’ വിതരണം ചെയുന്നതിന് മൂന്ന് സ്ഥാപനങ്ങളെ എൽപ്പിച്ചത്. 2020ൽ കവചിനെ ദേശീയ ഓട്ടോമാറ്റിക് ട്രെയിൻ സുരക്ഷാസംവിധാനമായി അംഗീകരിച്ചു എന്നും മന്ത്രിയുടെ മറുപടിയിൽ പറയുന്നു. പക്ഷേ, ഇതുവരെയായി 1465 റൂട്ട് കിലോമീറ്ററിലും സൗത്ത്- സെൻട്രല്‍ റെയിൽവേയിലെ 121 ലോക്കോമോട്ടീവുകളിലും മാത്രമാണ് കവച് സുരക്ഷ ഉറപ്പാക്കിയിട്ടുള്ളത്. ഡല്‍ഹി-മുംബൈ, ഡല്‍ഹി-ഹൌറ റൂട്ടുകളിൽ നടപ്പിലാക്കുന്നതിന് ടെണ്ടർ വിളിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. ഇതുവരെയായി 351. 9 കോടിയാണ് കവചിന് വേണ്ടി ചിലവാക്കിയത്. ഒരു കിലോമീറ്ററിനു ഏകദേശം 50 ലക്ഷം രൂപയാണ് കവചിന് വേണ്ടിവരിക എന്നും മന്ത്രി പറഞ്ഞു.

ബാലസോർ അപകടത്തിന്റെ പശ്ചാത്തലത്തിൽ കവച് വേഗത്തിൽ നടപ്പിലാക്കാൻ റെയിൽവെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത് എന്ന ചോദ്യത്തിന് ബാലസോർ ട്രെയിൻ അപകടവും കവച് നടപ്പിലാക്കുന്നതും തമ്മിൽ ഒരു ബന്ധവുമില്ല എന്ന അതിവിചിത്രമായ മറുപടിയാണ് മന്ത്രി നല്കിയത്. സമീപകാലത്ത് നടന്ന ഏറ്റവും ദാരുണമായ ഒരു ട്രെയിൻ അപകടത്തിന് ശേഷവും സുരക്ഷാസംവിധാനങ്ങളെ എത്ര ലാഘവത്തോടെയാണ് സർക്കാർ കാണുന്നത് എന്നതിന് ഉദാഹരണമാണ് ഈ മറുപടി. ഇത്രയും വലിയ അപകടം നടന്നിട്ടും ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് റെയിൽവെമന്ത്രി രാജി വെച്ചില്ല എന്ന് മാത്രമല്ല, കവച് സംവിധാനവും ബാലസോർ അപകടവും ബന്ധപ്പെടുത്തേണ്ടതില്ല എന്ന് കൂടി അദ്ദേഹം നിസാരവൽക്കരിക്കുകയാണ്. അങ്ങേയറ്റം പ്രതിഷേധാർഹമാണ് ഇത്, സന്തോഷ് കുമാർ വ്യക്തമാക്കി.

Eng­lish Sum­ma­ry: Kavach safe­ty sys­tem is not imple­ment­ed: P San­tosh Kumar
You may also like this video

Exit mobile version