Site iconSite icon Janayugom Online

‘കവച്’ ലക്ഷ്യം 69,000 കിലോമീറ്റര്‍, പൂര്‍ത്തിയായത് 1,500

ട്രെയിന്‍ അപകടം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് വികസിപ്പിച്ച സംരക്ഷണ സംവിധാനമായ ‘കവച്’ നടപ്പായത് 1,500 കിലോമീറ്ററില്‍ മാത്രം. രാജ്യത്തെ 69,000 ദൈര്‍ഘ്യം വരുന്ന പാതകളില്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം വീമ്പിളക്കിയ സംവിധാനമാണ് തുടങ്ങിയേടത്ത് തന്നെ നില്‍ക്കുന്നത്. സൗത്ത്-സെന്‍ട്രല്‍ സോണിലെ ഏതാണ്ട് 1,500 കിലോമീറ്ററില്‍ മാത്രമാണ് ഇതുവരെ കവച് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പരീക്ഷണഘട്ടത്തില്‍ വാഡി-വികാരാബാദ്-സാന്ത് നഗര്‍-വികാരാബാദ്- ബിദാര്‍ ലൈനിലെ 25 സ്റ്റേഷനുകളെ ബന്ധിപ്പിച്ച് 264 കിലോമീറ്ററിലാണ് പദ്ധതി നടപ്പില്‍ വരുത്തിയത്. 2020–21ല്‍ വീണ്ടും 322 കിലോമിറ്ററില്‍ 32 സ്റ്റേഷനുകളെ ബന്ധിപ്പിച്ചു. 2021–22 ല്‍ അധികമായി 77 സ്റ്റേഷനുകളെ ബന്ധിപ്പിച്ച് 859 കിലോമീറ്റര്‍ ദൂരം കൂടി പദ്ധതി യാഥാര്‍ത്ഥ്യമാക്കി. ആകെ കേവലം 1,445 കിലോമീറ്റര്‍.

ബാലാസോറില്‍ മൂന്നു തീവണ്ടികള്‍ തമ്മില്‍ കൂട്ടിയിടിച്ച സംഭവത്തിന് പിന്നാലെ രാജ്യത്തെ മുഴുവന്‍ റെയില്‍വേ ലൈനുകളിലും കവച് സ്ഥാപിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഒരു കിലോമീറ്ററില്‍ പോലും കൂടുതലായി സ്ഥാപിച്ചിട്ടില്ല. 68 റൂട്ടുകളില്‍ ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തിയ 133 സ്റ്റേഷനുകളില്‍ മാത്രമാണ് പദ്ധതിയുടെ സേവനം ലഭിക്കുന്നത്.

ഓട്ടോമാറ്റിക് രീതിയില്‍ പ്രവര്‍ത്തിക്കുന്ന കവച് സംവിധാനം റെയില്‍വേയുടെ റിസര്‍ച്ച് ഡിസൈന്‍ സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷനാണ് വികസിപ്പിച്ചത്. ഒരു ട്രെയിനിന്റെ ഡ്രൈവര്‍ ബ്രേക്കിടാന്‍ മറന്നുപോയാല്‍ അത് ഓട്ടോമാറ്റിക്കായി ചെയ്യുന്ന സംവിധാനമാണ് കവച്. ഒരേ ട്രാക്കിലൂടെ രണ്ട് ട്രെയിനുകള്‍ സഞ്ചരിച്ച് അപകടമുണ്ടാകുന്നത് തടയാനും ഇതിലൂടെ സാധിക്കും.
ട്രെയിനുകളുടെ കൂട്ടിയിടി മൂലമുള്ള അപകടങ്ങള്‍ ലഘൂകരിക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി പക്ഷെ ആരംഭിച്ചിടത്ത് തന്നെ നിലയ്ക്കുകയായിരുന്നു. 

Eng­lish Summary:‘Kavach’ tar­get 69,000 km, 1,500 completed
You may also like this video

Exit mobile version