എ സി റോഡിനെയും എം സി റോഡിനെയും ബന്ധിപ്പിക്കുന്ന കാവാലം പാലം നിർമ്മാണ ഘട്ടത്തിലേക്ക്. നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവിൽ കാവാലം ഗ്രാമപഞ്ചായത്തിലെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന പാലം നിർമ്മിക്കുന്നതിനായി ടെൻഡറിലൂടെ തെരഞ്ഞെടുക്കപ്പെട്ടത് തമിഴ്‌നാട്ടിൽ നിന്നുള്ള എസ് ശിവസാമി കമ്പനിയെയാണ്. നാല് കമ്പനികൾ ടെൻഡറിൽ പങ്കെടുത്തു. പൊതുമരാമത്ത് പാലം വിഭാഗവുമായി ശിവസാമി കമ്പനിയുടെ പ്രതിനിധി കരാർ ഒപ്പുവയ്ക്കുന്നതാണ് അടുത്ത നടപടി.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഉടൻ വരാനിരിക്കെ, നടപടിക്രമങ്ങൾ നീണ്ടുപോകാതിരിക്കാനായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക അനുമതി വാങ്ങാനാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കേരളാ റോഡ് ഫണ്ട് ബോർഡ് അധികൃതരുടെ നീക്കം. പാലം നിർമ്മിക്കാനും സ്ഥലമേറ്റെടുക്കുന്നതിനും സർവീസ് റോഡുകൾക്കും ഉൾപ്പെടെ കിഫ്ബിയിൽ നിന്നും 63.59 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. 43.5 കോടി രൂപയാണ് പാലം നിർമ്മാണത്തിനായി നിലവിൽ വകയിരുത്തിയിരിക്കുന്നത്. 18 മാസമാണ് നിർമ്മാണ കാലാവധി. ഒന്നാം എല്‍ഡിഎഫ് സർക്കാരിന്റെ 2016 ലെ ആദ്യ ഇടക്കാല ബജറ്റിൽ 30 കോടി രൂപ പാലത്തിനായി അനുവദിച്ചിരുന്നെങ്കിലും തുടർനടപടികൾ അനന്തമായി നീണ്ടുപോകുകയായിരുന്നു. നിരവധി ജനകീയ പ്രക്ഷോഭങ്ങളാണ് ഈ പാലത്തിനായി അരങ്ങേറിയിട്ടുള്ളത്. കാവാലം, കുന്നുംമ വില്ലേജുകളിലായി 110 സെന്റ് ഭൂമിയാണ് ഏറ്റെടുത്തിട്ടുള്ളത്. ഭൂവുടമകൾക്ക് പൂർണമായും തുക കൈമാറുകയും ചെയ്തു.
കാവാലത്താറിന് കുറുകെ 400 മീറ്റർ നീളത്തിലും 8.5 മീറ്റർ വീതിയിലുമാണ് പാലം നിർമ്മിക്കുന്നത്. വെള്ളത്തിൽ ടവർ മാതൃകയിൽ 45 മീറ്ററിന്റെ നാല് സ്പാനുകളും ഇരുവശത്തും 35 മീറ്റർ നീളത്തിൽ രണ്ടുവീതം സ്പാനുകളുമാണ് നിർമ്മിക്കുക. ശേഷിച്ച സ്പാനുകളും തൂണുകളും കരയിലാകും. പദ്ധതി പ്രദേശത്തെ വൃക്ഷങ്ങൾ വെട്ടിമാറ്റുന്നതിനായി പലതവണ ടെൻഡർ ക്ഷണിച്ചിട്ടും ആരും അപേക്ഷ നൽകിയിരുന്നില്ല. തുടർന്ന് വീണ്ടും അപേക്ഷ ക്ഷണിച്ചപ്പോൾ കാവാലം പാലം സമ്പാദക സമിതിയുടെ നേതൃത്വത്തിൽ ക്വട്ടേഷനുകൾ സമർപ്പിക്കുകയും ഇതിന്മേൽ അന്തിമ തീരുമാനം കാത്തിരിക്കുകയുമാണ്. പാലം നിർമ്മാണം പൂർത്തിയാകുന്നതോടെ എ സി റോഡിൽ നിന്ന് എം സി റോഡിലെ കുറിച്ചിയിലേക്ക് ഏറ്റവും എളുപ്പത്തിൽ യാത്ര ചെയ്യാനാകും.

