Site iconSite icon Janayugom Online

കാവേരി തര്‍ക്കം രൂക്ഷം; മാണ്ഡ്യയില്‍ കര്‍ഷകരുടെ മനുഷ്യച്ചങ്ങല

തമിഴ്നാടിന് കാവേരി നദീജലം വിട്ടുനല്‍കുന്നതില്‍ പ്രതിഷേധിച്ച് കര്‍ണാടകയിലെ മാണ്ഡ്യയില്‍ കര്‍ഷകര്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. സുപ്രീം കോടതി ഉത്തരവനുസരിച്ച് തമിഴ്നാടിന് ജലം വിട്ടുനല്‍കാനുള്ള തീരുമാനം മരവിപ്പിക്കണന്ന് കര്‍ഷക നേതാക്കള്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം കാവേരി ഹരിത കര്‍ഷക സമിതി നടത്തിയ ബന്ദില്‍ മാണ്ഡ്യ, മധൂര്‍ ജില്ലകളില്‍ ജനജീവിതം പൂര്‍ണമായി സ്തംഭിച്ചിരുന്നു. സര്‍ക്കാര്‍ ബസുകളും സ്വകാര്യ ബസുകളും സര്‍വീസ് നടത്തിയില്ല. മൈസൂര്‍-ബംഗളൂരു ദേശീയ പാത പ്രതിഷേധക്കാര്‍ ഉപരോധിച്ചു. തൊട്ടടുത്ത ദിവസമാണ് മനുഷ്യച്ചങ്ങല തീര്‍ത്തത്.
കാവേരി ജലം തമിഴ്നാടിന് വിട്ടുനല്‍കാനുള്ള തീരുമാനം സിദ്ധരാമയ്യ സര്‍ക്കാരിന് മുന്നില്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്. സുപ്രീം കോടതി ഉത്തരവനുസരിച്ച് ജലം വിട്ടുനല്‍കാന്‍ ബാധ്യസ്ഥമാണെന്നരിക്കെ കര്‍ഷകര്‍ എതിര്‍പ്പുമായി രംഗത്തുവന്നത് ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരിക്കുകയാണ്.
കാവേരി സംഭരണിയിലെ ജലനിരപ്പ് ഇന്ന് 96.90 അടിയായിരുന്നു.

ഇതിന്റെ പൂര്‍ണശേഷി 124.80 ആയിരിക്കെ തമിഴ്നാടിന് ജലം നല്‍കുന്നത് സംസ്ഥാനത്ത് രൂക്ഷമായ വരള്‍ച്ചയ്ക്കും കൃഷിനാശത്തിനും ഇടവരുത്തുമെന്നാണ് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നത്. ഇന്ന് തമിഴ്നാട്ടിലേക്ക് 2973 ക്യുസെക്സ് ജലമാണ് റിസര്‍വോയറില്‍ നിന്ന് തുറന്നുവിട്ടത്.

Eng­lish sum­ma­ry; kaveri dis­pute esca­lates; Human chain of farm­ers in Mandya

you may also like this video;

Exit mobile version