നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ കേസിൽ നിർണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന് ഒപ്പമിരുത്തി ചോദ്യംചെയ്യും. കാവ്യയുടെ ചോദ്യം ചെയ്യൽ ദിവസമായ തിങ്കളാഴ്ച ഹാജരാകാൻ ബാലചന്ദ്രകുമാറിന് അന്വേഷണ സംഘം നിർദ്ദേശം നൽകി. കാവ്യയ്ക്കെതിരായ തെളിവുകളിൽ ബാലചന്ദ്രകുമാർ നൽകിയ ഓഡിയോ ക്ലിപ്പുകളുമുണ്ട്. ഇത് കേസിൽ വളരെ നിർണായകമാണെന്നാണ് വിലയിരുത്തൽ. അതേസമയം, ചോദ്യം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കേ ഹാജരാകേണ്ട സ്ഥലം തീരുമാനിക്കാൻ കാവ്യാ മാധവന് അവസരം നൽകിയിരിക്കുകയാണ് ക്രൈം ബ്രാഞ്ച്. സ്ത്രീ എന്ന പരിഗണന വച്ചാണ് ഈ നിർദ്ദേശം. എന്നാൽ ചോദ്യം ചെയ്യലിന് നിശ്ചയിച്ചിരിക്കുന്ന ദിവസമോ സമയത്തിനോ മാറ്റമുണ്ടാവില്ലെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നു.
അന്വേഷണ സംഘത്തിന് മുന്നിൽ തിങ്കളാഴ്ച ഹാജരാവണമെന്നാവശ്യപ്പെട്ടാണ് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയത്. ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരാവാനാണ് നേരത്തെ നിർദേശിച്ചത്. ഇതിലാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. ചെന്നൈയിലുള്ള കാവ്യാ മാധവൻ തിങ്കളാഴ്ചക്കു മുൻപ് തിരിച്ചെത്തുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന വിവരം. കേസിലെ ഗൂഢാലോചനയിൽ കാവ്യയുടെ പങ്ക് സൂചിപ്പിക്കുന്ന ശബ്ദരേഖ അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിനുള്ള സമയം നീട്ടണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷക്കൊപ്പമാണ് ഈ ശബ്ദരേഖ ഉൾപ്പടെ ഡിജിറ്റൽ തെളിവുകൾ അന്വേഷണ സംഘം കോടതിയിൽ നൽകിയത്. ഇതിന് പിന്നാലെയാണ് കാവ്യക്ക് തിങ്കളാഴ്ച ഹാജരാകാൻ നോട്ടീസ് നൽകിയത്.
English summary; Kavya Madhavan to be questioned tomorrow; Balachandra Kumar was also directed to appear
You may also like this video;