Site icon Janayugom Online

ഇന്ന് കായല്‍പ്പൂരം; മഴയിലും അലതല്ലി ആവേശം

69-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ മത്സരങ്ങള്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം. രാവിലെ മുതല്‍ ആരംഭിച്ച മഴ വള്ളംകളിയുടെ ആവേശം ഒട്ടും കുറയ്ക്കുന്നില്ല. വിദേശികളുടേയും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടേയും ഒഴുക്കാണ് പുന്നമടയിലേയ്ക്ക്. മഴ സഞ്ചാരത്തെയും കച്ചവടത്തേയും ബാധിക്കുന്നുണ്ടെങ്കിലും ഉച്ചയോടെ മഴ മാറി നില്‍ക്കുമെന്നാണ് പ്രതീക്ഷ. മഴയും എത്തിയതോടെ ഗതാഗത കുരുക്കും രൂക്ഷമായി. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് മത്സരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

നെഹ്റു പ്രതിമയിലെ പുഷ്പ്പാർച്ചനയോടെയാണ് ഉദ്ഘാടന പരിപാടികൾ ആരംഭിക്കുക. ടൂറിസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. 19 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പടെ 72 വള്ളങ്ങളാണ് ഇക്കുറി നെഹ്റു ട്രോഫി വള്ളംകളിയിൽ മത്സരിക്കുന്നത്. ചെറുവള്ളങ്ങളുടെ മത്സരങ്ങൾ രാവിലെ 11ന് തുടങ്ങും. കൃഷി മന്ത്രി പി പ്രസാദ് സമ്മാനദാനം നിർവഹിക്കും. മന്ത്രിമാരായ സജി ചെറിയാൻ, എം ബി.രാജേഷ്, വീണ ജോർജ്, വി. അബ്ദുറഹിമാൻ എന്നിവർ മുഖ്യാതിഥികളാകും. ഹൈകോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി ഫ്ലാഗ് ഓഫ് നിർവഹിക്കും. എൻ ടി ബി ആർ സുവനീറിന്റെ പ്രകാശനം ടൂറിസം സെക്രട്ടറി കെ ബിജുവിന് നൽകി എ എം ആരിഫ് എം പി നിർവഹിക്കും.

എൻ ടി ബി ആർ മെർക്കണ്ടൈസിന്റെ പ്രകാശനം ജില്ല ജഡ്ജ് ജോബിൻ സെബാസ്റ്റ്യന് നൽകി കൊടിക്കുന്നിൽ സുരേഷ് എം. പി. നിർവഹിക്കും. പി പി ചിത്തരഞ്ജൻ എം എൽ എ അതിഥികൾക്കുള്ള മെമന്റോകൾ കൈമാറും. കഴിഞ്ഞ വർഷം നെഹ്റു ട്രോഫി നേടിയ വള്ളത്തിന്റെ ക്യാപ്റ്റനായ സന്തോഷ് ചാക്കോ തുഴച്ചിൽക്കാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. ആർ കെ കുറുപ്പ് ബോട്ട് ക്യാപ്റ്റന്മാരെ പരിചയപ്പെടുത്തും. എൻ ടി ബി ആർ സൊസൈറ്റി ചെയർപേഴ്സണായ ജില്ല കളക്ടർ ഹരിത വി കുമാർ, സെക്രട്ടറി സബ് കളക്ടർ സൂരജ് ഷാജി എന്നിവർ പങ്കെടുക്കും.

Eng­lish Sum­ma­ry: Kay­alpu­ram today; Excite­ment even in the rain

Exit mobile version