Site icon Janayugom Online

ഖസാക്കിസ്ഥാനിലെ കല്‍ക്കരി ഖനിയില്‍ സ്ഫോടനം: 32 മരണം

ഖസാക്കിസ്ഥാനിലെ കല്‍ക്കരി ഖനിയിലുണ്ടായ തീപിടിത്തത്തില്‍ 32 മരണം. 14 പേരെ കാണാതായതായും അധികൃതര്‍ അറിയിച്ചു. ആർസലർ മിത്തലിന്റെ ഉടമസ്ഥതയിലുള്ള ഖനിയിലാണ് അപകടമുണ്ടായത്. കോസ്റ്റെൻകോ ഖനിയിലെ 252 പേരിൽ 206 പേരെ ഒഴിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനം അറിയിച്ച പ്രസിഡന്റ് കാസിം-ജോമാർട്ട് ടോകയേവ്, ആർസലർ മിത്തലുമായുള്ള നിക്ഷേപ സഹകരണം പിന്‍വലിക്കാന്‍ ഉത്തരവിട്ടു. രാജ്യത്തെ ഏറ്റവും വലിയ ഉരുക്കുനിര്‍മ്മാതാക്കളായ ആര്‍സലര്‍ മിത്തലിനെ ദേശസാല്‍ക്കരിക്കുന്നതിനുള്ള കരാര്‍ അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് അപകടം നടന്നത്.

ഉപകരണങ്ങൾ നവീകരിക്കുന്നതിലും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും ആർസലർ മിത്തലിന്റെ പരാജയത്തിൽ മന്ത്രിസഭയ്ക്ക് ആശങ്കയുണ്ടെന്ന് ഉപപ്രധാനമന്ത്രി റോമൻ സ്ക്ലിയാർ പറഞ്ഞു. ഇന്ത്യന്‍ വ്യവസായി ലക്ഷ്മി മിത്തലിന്റെ ഉടമസ്ഥതയിലുള്ള ആർസലർ മിത്തലിന് ഖസാക്കിസ്ഥാനിൽ മാരകമായ ദുരന്തങ്ങളുടെ ചരിത്രമുണ്ട്. 2006ലാണ് മിത്തല്‍ സ്റ്റീല്‍ ലക്സംബർഗ് ആസ്ഥാനമായ ആർസലർ സ്റ്റീല്‍ കോര്‍പ്പറേഷനെ ഏറ്റെടുക്കുന്നത്. 88 ദശലക്ഷം മെട്രിക് ടൺ വാർഷിക ക്രൂഡ് സ്റ്റീൽ ഉൽപ്പാദിപ്പിക്കുന്ന ആർസെലർ മിത്തൽ ലോകത്തിലെ രണ്ടാമത്തെ വലിയ ഉരുക്ക് നിര്‍മ്മാതാക്കളാണ്.

എ­ന്നാല്‍ സുരക്ഷയും പാരിസ്ഥിതിക ചട്ടങ്ങളും പാലിക്കുന്നത് സംബന്ധിച്ച് ഗുരുതര ആരോപണങ്ങളാണ് കമ്പനിക്കെതിരെയുള്ളത്. രണ്ട് മാസത്തിനു മുമ്പ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു സെെറ്റിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം നവംബറിന് ശേഷം ആർസലർ മിത്തലിന്റെ ഖനികളില്‍ അഞ്ച് സ്ഫോടനങ്ങള്‍ ഉണ്ടായിട്ടുണ്ട്. 12 മരണങ്ങളാണ് ഈ അപകടങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 2006ന് ശേഷം കമ്പനിയുടെ ഖനികളില്‍ നടന്ന അപകടങ്ങളില്‍ 41 തൊഴിലാളികള്‍ കൊല്ലപ്പെട്ടു.

Eng­lish Sum­ma­ry: Kaza­khstan mine fire leaves at least 32 dead
You may also like this video

Exit mobile version