വിംബിള്‍ഡണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടത്തില്‍ മുത്തമിട്ട് കസാഖ്സ്ഥാൻ താരം എലെന റൈബാകിന. ഫൈനലില്‍ ടുണീഷ്യയുടെ ഒന്‍സ് ജാബ്യുറിനെ തകര്‍ത്താണ് റൈബാകിന കിരീടം ചൂടിയത്. ഇരുവരും ആദ്യമായിട്ടാണ് ഒരു ഗ്രാൻഡ്സ്‌ലാം ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തുന്നത്. ഗ്രാന്‍ഡ്സ്‌ലാം കിരീടം നേടുന്ന ആദ്യ കസാഖ്സ്ഥാന്‍ താരമെന്ന നേട്ടവും റൈബാകിന സ്വന്തമാക്കി. സ്കോര്‍: 3–6, 6–2, 6–2.
2011 നു ശേഷം വിംബിള്‍ഡണില്‍ കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയായി റൈബാകിന. ഫൈനലില്‍ കടുത്ത പോരാട്ടത്തിനാണ് സെന്റര്‍ കോര്‍ട്ട് സാക്ഷ്യം വഹിച്ചത്. മൂന്നാം സീഡ് ഓന്‍സ് ജാബ്യുര്‍ തുടക്കത്തില്‍ തന്നെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ സെറ്റ് 6–3 ന് ജാബ്യുര്‍ സ്വന്തമാക്കി. എന്നാല്‍ റൈബാക്കിനയുടെ അവിശ്വസനീയ തിരിച്ചുവരവാണ് പിന്നീട് കണ്ടത്. രണ്ടാം സെറ്റ് 6–2 ന് സ്വന്തമാക്കി റൈബാകിന തിരിച്ചടിച്ചു. മൂന്നാം സെറ്റിലും 6–2 ന് വിജയിച്ച് റൈബാകിന ചരിത്രം കുറിച്ചു.
ഒരു ഗ്രാൻഡ്സ്‌ലാം ഫൈനലിൽ എത്തിയ ആദ്യ അറബ് താരവും ആഫ്രിക്കൻ വനിതയുമാണ് ജാബ്യുർ. സെമിഫൈനലിൽ മുപ്പത്തിനാലുകാരിയും രണ്ടു കുഞ്ഞുങ്ങളുടെ അമ്മയുമായ ജർമൻ താരം തത്യാന മരിയെയാണ് ജാബ്യുർ മറികടന്നത്.
English Summary: Kazakhstan’s Elena Rybakina wins Wimbledon tennis women’s singles title
You may like this video also