Site iconSite icon Janayugom Online

കെ സി വേണുഗോപാലും വി ഡി സതീശനും കെ സുധാകരനെതിരെ ഒന്നിക്കുന്നു

കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഒതുക്കാൻ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഒന്നിക്കുന്നു. കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയത്തിൽ കാര്യമായ ഒരു റോളും സുധാകരന് ലഭിച്ചില്ലെന്നുമാത്രമല്ല അദ്ദേഹം വച്ച നിർദേശങ്ങൾ ഹൈക്കമാൻഡ് തള്ളുകയും ചെയ്തു. കണ്ണൂരില്‍ ഇത്തവണ താൻ മത്സരത്തിനില്ലെന്നും കെപിസിസി ജനറൽ സെക്രട്ടറി കെ ജയന്തിനെ മത്സരിപ്പിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടിരുന്നു. കെ മുരളീധരന്റെ വടകരയിൽ നിന്നും തൃശൂരിലേക്കുള്ള മാറ്റത്തെയും അദ്ദേഹം എതിർത്തു. വടകരയിൽ ഷാഫി പറമ്പിലിനെ മത്സരിപ്പിക്കുന്നതിലും വിയോജിപ്പ് അറിയിച്ചു.

എന്നാൽ സുധാകരന്റെ ആവശ്യങ്ങളെല്ലാം തള്ളിയാണ് ഹൈക്കമാൻഡ് തീരുമാനമെടുത്തത്. ഇതിനുപിന്നിൽ കളിച്ചത് വേണുഗോപാലും സതീശനുമാണെന്ന് ഉന്നത നേതാക്കൾ പറയുന്നു. കെപിസിസി പ്രസിഡന്റായി ചുമതലയേറ്റ നാൾ മുതൽ വേണുഗോപാലിനും സതീശനുമെതിരെ പലഘട്ടങ്ങളിലും സുധാകരൻ രംഗത്തെത്തിയിരുന്നു. കേരളത്തിൽ നിന്നുള്ള എംപിമാരുടെ പിന്തുണയോടെ സുധാകരനെ മാറ്റാൻ വി ഡി സതീശൻ മുമ്പും ശ്രമം നടത്തിയിട്ടുണ്ട്. ഹൈബി ഈഡൻ ഉൾപ്പടെയുള്ള യുവ എംപിമാരെ മുന്നിൽ നിർത്തിയായിരുന്നു സതീശന്റെ കളി.

കെപിസിസി അധ്യക്ഷൻ എന്ന നിലയില്‍ സുധാകരന്‍ പരാജയമാണെന്ന് ഈ എംപിമാർ ഹൈക്കമാൻഡിനെ ധരിപ്പിച്ചിരുന്നു. തുടർച്ചയായി വിവാദങ്ങളിൽ പെടുന്ന സുധാകരനെതിരെ പരസ്യമായി രംഗത്തുവന്നില്ലെങ്കിലും മുതിർന്ന നേതാക്കൾക്കും അതൃപ്തിയുണ്ട്. എതിരാളികൾ വലിയ പ്രതിസന്ധിയിൽ നിൽക്കുന്ന സാഹചര്യത്തിൽ അവർക്ക് അപ്രതീക്ഷിതമായി ആയുധം കെപിസിസി പ്രസിഡന്റ് തന്നെ നൽകുന്നു എന്നാണ് സുധാകരനെതിരെ ഉയര്‍ന്ന ആരോപണം. ഗവർണർ ആരിഫ് മുഹമ്മദ് ഖാന് അനുകൂലമായും തെക്കൻ കേരളത്തിൽ നിന്നുള്ള നേതാക്കളെ അവഹേളിച്ചുമുള്ള പ്രസ്താവനകൾ ഏറെ വിവാദമായിരുന്നു.

ശശി തരൂർ സംഘടനാപരമായി ട്രെയിനിയാണെന്നും മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ തലയിൽ ഡെമോക്ലസിന്റെ വാളുണ്ടല്ലോ എന്നു തുടങ്ങിയ പരാമർശങ്ങളും വിവാദമായി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും സമരാഗ്നി ജാഥയ്ക്ക് ആലപ്പുഴയിൽ നടത്തിയ വാർത്താ സമ്മേളനങ്ങളിലൂടെയും സുധാകരൻ സതീശനോടുള്ള ശക്തമായ വിയോജിപ്പാണ് വ്യക്തമാക്കിയത്. കൊല്ലം പ്രവർത്തക യോഗത്തിലും തിരുവനന്തപുരത്ത് നടന്ന സമരാഗ്നി ജാഥാ സമാപനത്തിലും സുധാകരൻ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സമരാഗ്നി സമാപന വേദിയിൽ സുധാകരനെ എതിർത്ത് വി ഡി സതീശനും രംഗത്തെത്തിയിരുന്നു.

Eng­lish Sum­ma­ry: KC Venu­gopal and VD Satheesan against K Sudhakaran
You may also like this video

Exit mobile version