Site iconSite icon Janayugom Online

കീം പരീക്ഷാഫലം ഉടൻ; മാർക്ക് ഏകീകരണ ഫോർമുലയ്ക്ക് അംഗീകാരം

കീം പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കും. യോഗ്യതാ പരീക്ഷകളുടെ മാർക്ക് ഏകീകരണത്തിനായുള്ള പുതിയ ഫോർമുലയ്ക്ക് സർക്കാർ അംഗീകാരം നൽകി. കേരള സിലബസിലെ വിദ്യാർത്ഥികൾക്ക് മാർക്ക് കുറയാത്ത വിധത്തിൽ എൻട്രൻസ് കമ്മീഷണർ തയ്യാറാക്കിയ നിർദ്ദേശമാണ് അംഗീകരിച്ചിരിക്കുന്നത്. ഫലം ഈ ആഴ്ച തന്നെ പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാർക്ക് ഏകീകരണത്തിലെ മാറ്റം സംബന്ധിച്ച് വിദഗ്ദ്ധസമിതി നൽകിയ അഞ്ച് ശുപാർശകളുടെ അടിസ്ഥാനത്തിലാണ് പുതിയ ഫോർമുല രൂപീകരിച്ചത്. വ്യത്യസ്ത പരീക്ഷാ ബോർഡുകളിലെ ഹയർസെക്കണ്ടറി മാർക്ക് ഏകീകരിക്കുമ്പോൾ കേരള സിലബസിലെ വിദ്യാർത്ഥികൾക്ക് മാർക്ക് കുറയുന്നുവെന്നതായിരുന്നു പ്രധാന പരാതി.

2011 മുതലുള്ള ഏകീകരണ രീതിയിലാണ് ഇപ്പോൾ മാറ്റം വരുന്നത്. നിലവിലുണ്ടായിരുന്ന രീതിയിൽ കേരള പ്ലസ് ടു വിദ്യാർത്ഥികൾക്ക് 20 മുതൽ 30 വരെ മാർക്ക് കുറയുന്നതായി കണ്ടെത്തിയിരുന്നു. എന്നാൽ, പുതിയ രീതിയിൽ പ്ലസ് ടുവിന് ലഭിച്ച മാർക്ക് ഏകീകരണത്തിൽ കുറയില്ല. തമിഴ്നാട് മോഡൽ അനുസരിച്ചാണ് കേരളത്തിലെയും മാറ്റങ്ങൾ. വിവിധ പരീക്ഷാ ബോർഡുകളുടെ വ്യത്യസ്തമായ പരമാവധി മാർക്കുകൾ നൂറിലേക്ക് മാറ്റുന്ന രീതിയാണ് കൊണ്ടുവരുന്നത്. അപേക്ഷകളിലെ ന്യൂനതകൾ തീർക്കാൻ വ്യാഴാഴ്ചവരെ സമയം നീട്ടിയിട്ടുണ്ട്. 

Exit mobile version