Site iconSite icon Janayugom Online

കെജ്‌രിവാളിന് വീണ്ടും വെല്ലുവിളി; ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കും

തെരഞ്ഞെടുപ്പു പരാജയത്തിനു പിന്നാലെ കെജ്‌രിവാളിന് വീണ്ടും വെല്ലുവിളി. ഔദ്യോഗിക വസതി മോടിപിടിപ്പിക്കാന്‍ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ ക്രമക്കേട് അന്വേഷിക്കാന്‍ ഉത്തരവിട്ട് കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍. ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയായ ഫ്ലാഗ്സ്റ്റാഫ് റോഡിലെ ആറാം നമ്പര്‍ ബംഗ്ലാവ് മോടി പിടിപ്പിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ കോടികള്‍ ചെലവഴിച്ചെന്ന ആരോപണം തെരഞ്ഞെടുപ്പിനു മുന്നേ ബിജെപി ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ശീശ് മഹല്‍ (ചില്ലു കൊട്ടാരം) ബിജെപി ആപ്പിനെതിരെ പ്രചരണ ആയുധമാക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ വിസ്തീര്‍ണം കൂട്ടാന്‍ ചട്ടങ്ങള്‍ ലംഘിച്ച് അടുത്തുള്ള സ്ഥലം കൂട്ടിച്ചേര്‍ത്തതും ഇതിനായി ചെലവഴിക്കപ്പെട്ട തുകയും സംബന്ധിച്ചാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം ബിജെപി ഡല്‍ഹി നേതൃത്വമാണ് ശീശ് മഹല്‍ സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയത്. കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ച് എട്ടേക്കറോളം വരുന്ന സ്ഥലത്താണ് കെജ്‌രിവാള്‍ ഔദ്യോഗിക വസതി രൂപപ്പെടുത്തിയതെന്ന് ബിജെപി നേതാവും എംഎല്‍എയുമായ വിജേന്ദര്‍ ഗുപ്ത സിവിസിക്ക് നല്‍കിയ പരാതികളില്‍ ഉന്നയിച്ചിരുന്നു. പരാതികളുടെ പശ്ചാത്തലത്തിലാണ് സിവിസി അന്വേഷണമെന്ന് ഗുപ്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ബിജെപിയിലേക്ക് ചേക്കേറിയതോടെ മുനിസിപ്പാലിറ്റി ഭരണവും ആപ്പിന് നഷ്ടമായേക്കും.

Exit mobile version