ഇന്ന് വിശ്വാസവോട്ടെടുപ്പ് നടത്താനൊരുങ്ങി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹിയില്‍ പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചു. ഒരു എഎപി എംഎല്‍എയും കൂറുമാറിയിട്ടില്ലെന്ന് തെളിയിക്കാനാണ് ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ വിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. തന്റെ സര്‍ക്കാരിനെ താഴെയിറക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടിയുടെ ‘ഓപ്പറേഷന്‍ ലോട്ടസ്’ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാള്‍ വെള്ളിയാഴ്ച വിശ്വാസവോട്ടെടുപ്പ് നിര്‍ദ്ദേശിച്ചിരുന്നു.
ബിജെപി നടത്തിയ രാഷ്ട്രീയ അട്ടിമറി ശ്രമം പരാജയപ്പെട്ടെന്നും ആംആദ്മി എംഎല്‍എമാരുടെ പൂര്‍ണ പിന്തുണ തനിക്കുണ്ടെന്നും ജനങ്ങളെ ബോധ്യപ്പെടുത്താനാണ് വോട്ടെടുപ്പെന്നു മുഖ്യമന്ത്രി കേജരിവാള്‍ വ്യക്തമാക്കി. മദ്യനയക്കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം കടുപ്പിച്ചതിന് പിന്നാലെയാണ് ഡല്‍ഹിയില്‍ നാടകീയ നീക്കങ്ങള്‍ നടന്നത്. ബിജെപിയില്‍ ചേര്‍ന്നാല്‍ കേസ് പിന്‍വലിക്കാമെന്ന് വാഗ്ദാനം ലഭിച്ചതായി സിസോദിയ ആരോപിച്ചിരുന്നു. പാര്‍ട്ടി വിടാന്‍ ആവശ്യപ്പെട്ട് ബിജെപി എംപിമാര്‍ കോഴ വാഗ്ദാനം ചെയ്തുവെന്ന ആരോപണവുമായി ആംആദ്മി എംഎല്‍എമാര്‍രും കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. തൊട്ടുപിന്നാലെ കേജരിവാള്‍ പാര്‍ട്ടി എംഎല്‍എമാരുടെ നേതൃത്വത്തില്‍ പ്രത്യേക നിയമസഭാ യോഗം ചേര്‍ന്നു. ഡല്‍ഹി നിയമസഭയിലെ 53 ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ യോഗത്തില്‍ നേരിട്ടെത്തി. ബാക്കി ഒന്‍പത് പേര്‍ ഓണ്‍ലൈനായും യോഗത്തില്‍ പങ്കെടുത്തു. 40 എംഎല്‍എമാര്‍ക്ക് 20 കോടി വീതമാണ് ബിജെപി വാഗ്ദാനം ചെയ്തത്. 800 കോടി രൂപയാണ് ഇതിനു വേണ്ടി മാത്രം ബിജെപി ചെലവഴിക്കാനൊരുങ്ങിയതെന്നാണ് ആരോപണം. പണത്തിന്റെ ഉറവിടം അറിയാന്‍ ഇഡി അന്വേഷണം നടത്തണമെന്നും ആംആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു.
English summary; kejriwal to table confidence motion in delhi special assembly today
You may also like this video;