അരവിന്ദ് കെജ്‌രിവാളിനെ ഡല്‍ഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ച എഎപി മുന്‍ എംഎല്‍എ സന്ദീപ് കുമാറിനെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി. സമാന ആവശ്യം ഉന്നയിച്ച ഹര്‍ജികള്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് തള്ളിയതാണെന്ന് ചൂണ്ടിക്കാണിച്ച ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദ്, വന്‍തുക സന്ദീപിനു മേല്‍ പിഴ ചുമത്തേണ്ടതാണെന്നും പറഞ്ഞു.
സന്ദീപ് ഹര്‍ജി സമര്‍പ്പിച്ചത് പ്രശസ്തിക്കു വേണ്ടിയാണെന്നും ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദ് നിരീക്ഷിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ, കെജ്‌രിവാളിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള രണ്ട് ഹര്‍ജികള്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്റെ അധ്യക്ഷതയിലുള്ള ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുകയും തള്ളുകയും ചെയ്തിരുന്നു. അതിനാല്‍, സന്ദീപിന്റെ ഹര്‍ജിയും ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് വിടുമെന്നും ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദ് കൂട്ടിച്ചേര്‍ത്തു. സന്ദീപിന്റെ ഹര്‍ജിയില്‍ നാളെ ഡിവിഷന്‍ ബെഞ്ച് വാദം കേള്‍ക്കും. കഴിഞ്ഞയാഴ്ച ഹിന്ദുസേന പ്രസിഡന്റ് വിഷ്ണു ഗുപ്ത, കെജ്‌രിവാളിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. കൂടാതെ ഡല്‍ഹി സ്വദേശി സുര്‍ജിത് സിങ് യാദവും ഇതേ ആവശ്യം ഉന്നയിച്ച് പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
English Summary: Kejriwal’s Chief Ministership: Court Criticizes Petitioner
You may also like this video