Site iconSite icon Janayugom Online

കെജ്‌രിവാളിന്റെ ഹര്‍ജി വിധിപറയാന്‍ മാറ്റി

ഡല്‍ഹി മദ്യ നയവുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റും തുടര്‍കസ്റ്റഡിയും ചോദ്യം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി വാദം പൂര്‍ത്തിയാക്കി വിധിപറയാനായി മാറ്റി.
മൂന്നു മണിക്കൂറിലധികം നീണ്ട വാദമാണ് ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ്മയുടെ സിംഗിള്‍ ബെഞ്ചിനു മുന്നില്‍ ഇരു വിഭാഗവും നടത്തിയത്. കെജ്‌രിവാളിനെതിരെ തെളിവില്ല, പണം കണ്ടെത്താനായില്ല, തെരഞ്ഞെടുപ്പു നടപടികളില്‍ ഏര്‍പ്പെടുന്നതിന് തടയിടാനാണ് ഇഡിയുടെ അറസ്റ്റ്, വേണ്ടത്ര അന്വേഷണമോ തെളിവുകളോ ഇഡി നടത്തിയിട്ടില്ല, കെജ്‌രിവാളിന്റെ പാര്‍ട്ടിയെ തകര്‍ക്കാനുള്ള നീക്കമാണ് ഉണ്ടാകുന്നത് എന്ന് മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഘ്‌വി വാദിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ വിക്രം ചൗധരിയും കെജ്‌രിവാളിനുവേണ്ടി കോടതിയില്‍ ഹാജരായി.

മദ്യ നയക്കേസില്‍ മുഖ്യ ഗൂഢാലോചകന്‍ കെജ്‌രിവാളാണ്, തെരഞ്ഞെടുപ്പു പ്രക്രിയ മുന്നേറുന്നതുകൊണ്ട് കുറ്റവാളികളെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ കഴിയില്ല, സാധാരണക്കാരന്‍ തെറ്റു ചെയ്താല്‍ അവര്‍ അഴിക്കുള്ളിലാകും, മുഖ്യമന്ത്രിക്കും ഇത് ബാധകമാണ്, പണം ചെലവഴിച്ചതുകൊണ്ടാകും അത് കണ്ടെത്താന്‍ കഴിയാതിരുന്നത് എന്നീ വാദങ്ങളാണ് ഇഡിക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു കോടതിയില്‍ ഉന്നയിച്ചത്.
മാര്‍ച്ച് 21നാണ് ഇഡി കെജ്‌രിവാളിനെ അറസ്റ്റു ചെയ്തത്. ഏപ്രില്‍ ഒന്നിന് വിചാരണ കോടതിയില്‍ ഹാജരാക്കിയ കെജ്‌രിവാളിനെ 15 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചു. നിലവില്‍ തിഹാര്‍ ജയിലിലാണ് കെജ്‌രിവാള്‍.

Eng­lish Sum­ma­ry: Kejri­wal’s plea adjourned for judgment

You may also like this video

Exit mobile version