Site icon Janayugom Online

അതിർത്തികളിൽ നിരീക്ഷണത്തിന് ‘കെമു’

KEMU

ഊടുവഴികളിലൂടെ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും കടത്ത് തടയുന്നതിനായി കെമു തയ്യാറായി. കേരളാ എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് (കെമു) ഇന്ന് തിരുവനന്തപുരം അമരവിളയിൽ തദ്ദേശ സ്വയംഭരണ-എക്സൈസ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും.
പ്രധാനപ്പെട്ട ചെക്ക്പോസ്റ്റുകൾ ഒഴിവാക്കി ഊടുവഴികളിലൂടെയുളള മദ്യത്തിന്റേയും, മയക്കുമരുന്നിന്റേയും, സ്പിരിറ്റിന്റേയും കടത്ത് പ്രതിരോധിക്കുന്നതിനായാണ് സംവിധാനം നടപ്പിലാക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന നാല് മൊബൈൽ പട്രോളിങ് യൂണിറ്റുകൾ 36 ലക്ഷം രൂപ ചെലവിലാണ് ആദ്യഘട്ടത്തിൽ ഒരുക്കുന്നത്. ഇതിനായി നാല് മഹിന്ദ്ര ബൊലേറോ നിയോ വാഹനങ്ങൾ വാങ്ങിയിട്ടുണ്ട്. ഇവ തിരുവനന്തപുരം, പാലക്കാട്, വയനാട്, കാസർകോട് ജില്ലയിലെ സംസ്ഥാന അതിർത്തി പ്രദേശത്ത് വിന്യസിക്കും. സർക്കാരിന്റെ 100 ദിന പരിപാടിയിൽ ഉൾപ്പെട്ട പദ്ധതിയാണിത്.
ഇന്ന് രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ പട്രോളിങ് യൂണിറ്റുകളുടെ ഫ്ലാഗ് ഓഫ് കർമ്മവും മന്ത്രി എം ബി രാജേഷ് നിർവഹിക്കും. നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലൻ അധ്യക്ഷനാകും. 

നിലവിൽ തമിഴ്‌നാട്, കർണാടക അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ എക്സൈസ് വകുപ്പിന്റെ 41 ചെക്ക്പോസ്റ്റുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ട 22 ചെക്ക്പോസ്റ്റുകളിൽ സിസി ടിവി സംവിധാനവും കേന്ദ്രീകൃത മോണിറ്ററിങ്ങും ഏർപ്പെടുത്തി, ചെക്ക്പോസ്റ്റുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തിയിട്ടുണ്ട്. ചെക്ക്പോസ്റ്റിലൂടെയല്ലാതെ തിരുവനന്തപുരം, പാലക്കാട്, വയനാട്, കാസർകോട് ജില്ലയിലെ സംസ്ഥാന അതിർത്തികൾ കടന്ന് ഇടറോഡുകളിലൂടെ ലഹരി വസ്തുക്കൾ എത്തുന്നത് തടയാൻ ലക്ഷ്യമിട്ടാണ് കെമു നടപ്പിലാക്കുന്നത്. കാട്ടുപാതകൾ വഴിയും ഊടുവഴികൾ വഴിയും വാഹനത്തിലും തലച്ചുമടുമായെല്ലാം കടത്തുന്ന ലഹരി വസ്തുക്കൾക്ക് കെമുവിലൂടെ തടയിടാനാകും. ഈ ജില്ലകളിലെ സംസ്ഥാന അതിര്‍ത്തികളിലെ ഇടറോഡുകൾ കേന്ദ്രീകരിച്ചാകും പട്രോളിങ് യൂണിറ്റുകൾ പ്രവർത്തിക്കുക.

Eng­lish Sum­ma­ry: ‘Kemu’ for bor­der surveillance

You may also like this video

Exit mobile version