Site iconSite icon Janayugom Online

കേരഫെഡും മാർക്കറ്റ് ഫെഡും കൊപ്ര സംഭരിക്കും: കൃഷിമന്ത്രി

കേരളത്തിലെ കർഷകരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട സഹകരണസംഘങ്ങൾ മുഖേന 2022 സീസണിൽ കൊപ്ര സംഭരിക്കുന്നതിന് തീരുമാനിച്ചതായി കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു. നാഫെഡ് മുഖേനയാകും കൊപ്ര സംഭരിക്കുക. സഹകരണ സംഘങ്ങൾ മുഖേന കൊപ്ര സംഭരിച്ച് നാഫെഡിനു കൈമാറുന്നതിനായി കേരഫെഡിനെയും മാർക്കറ്റ് ഫെഡിനെയും സ്റ്റേറ്റ് ലെവൽ ഏജൻസികളായി ചുമതലപ്പെടുത്തി. സംഭരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സംസ്ഥാനതലത്തിൽ കൃഷി വകുപ്പ് സെക്രട്ടറി ചെയർമാനായും കൃഷി ഡയറക്ടർ കൺവീനറായും ഒരു മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചതായും മന്ത്രി പറഞ്ഞു. 

ജില്ലാതലത്തിൽ ജില്ലാ കളക്ടർ ചെയർമാനായും പ്രിൻസിപ്പൽ കൃഷി ഓഫീസർ കൺവീനറായും ഒരു മോണിറ്ററിംഗ് കമ്മിറ്റി കൂടി ഇതിനുണ്ടാകും. പ്രാദേശിക കൊപ്ര സംഭരണ/ സംസ്കരണത്തിനുള്ള സഹകരണസംഘങ്ങളെ സംസ്ഥാനതല സംഭരണ ഏജൻസികളായ കേരഫെഡ്, മാർക്കറ്റ് ഫെഡ് എന്നിവർ ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതിയോടെ പ്രാദേശികമായി തെരഞ്ഞെടുക്കും. 

കൊപ്രയുടെ താങ്ങുവിലയായി കേന്ദ്ര സർക്കാർ നിശ്ചയിച്ചിരിക്കുന്ന വിലയായ 105 രൂപ 90 പൈസ ആയിരിക്കും കർഷകർക്ക് ലഭ്യമാകുന്നത്. കർഷകർ ഇതിനായി നാഫെഡ് ഇ സമൃദ്ധി പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. പച്ച തേങ്ങ കൊപ്രയാക്കാൻ ഭൗതിക സാഹചര്യങ്ങൾ ലഭ്യമല്ലാത്ത കർഷകരിൽനിന്നും പ്രാദേശിക സഹകരണ സംഘങ്ങൾ തൊണ്ട് കളഞ്ഞ പച്ചത്തേങ്ങ സംഭരിച്ചു കൊപ്രയാക്കി സംഭരണ ഏജൻസികൾക്ക് കൈമാറും. ജലാംശത്തിന്റെ അളവ് ആറ് ശതമാനത്തിൽ താഴെ നിർത്തി മില്ലിങ് എഫ്എക്യു നിലവാരത്തിൽ ഉള്ളതും മറ്റു ഗുണമേന്മകൾ കൂടി പരിഗണിച്ചുകൊണ്ടുള്ള കൊപ്രയായിരിക്കും നാഫെഡ് സംഭരിക്കുക. കർഷകർ ബന്ധപ്പെട്ട കൃഷി ഓഫീസിൽ നിന്നും ആവശ്യമായ സർട്ടിഫിക്കറ്റ് കൂടി സംഭരണ കേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്. 

Eng­lish Summary:KERAFED and Mar­ketfed to pro­cure copra: Agri­cul­ture Minister
You may also like this video

Exit mobile version