Site iconSite icon Janayugom Online

രഞ്ജി ട്രോഫിയിൽ മധ്യപ്രദേശിനെതിരെ കേരളം ഏഴ് വിക്കറ്റിന് 246 റൺസെന്ന നിലയിൽ

രഞ്ജി ട്രോഫിയിൽ കരുത്തരായ മധ്യപ്രദേശിനെതിരെ കേരളം ഭേദപ്പെട്ട സ്കോറിലേക്ക്. തുടക്കത്തിലെ തകർച്ചയിൽ നിന്നും ശക്തമായി തിരിച്ചു വന്ന കേരളം ആദ്യ ദിവസം കളി നിർത്തുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 246 റൺസെന്ന നിലയിലാണ്. കേരളത്തിന് വേണ്ടി അഭിഷേക് ജെ നായർ, അഭിജിത് പ്രവീൺ, ശ്രീഹരി എസ് നായർ എന്നിവർ ഇന്ന് രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ചു. ടോസ് നേടിയ മധ്യപ്രദേശ് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. അരങ്ങേറ്റ മത്സരം കളിക്കുന്ന അഭിഷേക് ജെ നായരും രോഹൻ കുന്നുമ്മലും ചേർന്നാണ് കേരളത്തിന് വേണ്ടി ഇന്നിങ്സ് തുറന്നത്. എന്നാൽ രണ്ടാം ഓവറിൽ തന്നെ കേരളത്തിന് രോഹൻ കുന്നുമ്മലിൻ്റെ വിക്കറ്റ് നഷ്ടമായി. കുമാ‍‍‍‍ർ കാ‍ർത്തികേയയുടെ പന്തിൽ ഹർപ്രീത് സിങ് ക്യാച്ചെടുത്താണ് രോഹനെ അക്കൗണ്ട് തുറക്കാതെ തിരിച്ചയച്ചത്. രണ്ടാം വിക്കറ്റിൽ അഭിഷേകും അങ്കിത് ശ‍ർമ്മയും ചേർന്ന് 54 റൺസ് കൂട്ടിച്ചേ‍ർത്തു. എന്നാൽ 20 റൺസെടുത്ത അങ്കിത് ശർമ്മയെ എൽബിഡബ്ല്യൂവിൽ കുടുക്കി സരന്‍ശ് ജെയിൻ കൂട്ടുകെട്ടിന് അവസാനമിട്ടു.

മികച്ചൊരു കൂട്ടുകെട്ടിന് ശേഷം തുടരെ വിക്കറ്റുകൾ വീണത് കേരളത്തിന് തിരിച്ചടിയായി. അങ്കിതിന് ശേഷമെത്തിയ സച്ചിൻ ബേബി റണ്ണൊന്നുമെടുക്കാതെ മടങ്ങി. സരന്‍ശ് ജെയിൻ തന്നെയാണ് സച്ചിനെയും പുറത്താക്കിയത്. അഭിഷേകിനെയും മൊഹമ്മദ് അസറുദ്ദീനെയും അഹ്മദ് ഇമ്രാനെയും മൊഹമ്മദ് അർഷദ് ഖാനും പുറത്താക്കിയതോടെ ആറ് വിക്കറ്റിന് 105 റൺസെന്ന നിലയിലായിരുന്നു കേരളം. അഭിഷേക് 47ഉം അസറുദ്ദീൻ 14ഉം അഹ്മദ് ഇമ്രാൻ അഞ്ചും റൺസായിരുന്നു നേടിയത്. തുട‍ർന്ന് ഏഴാം വിക്കറ്റിൽ ബാബ അപരാജിത്തും അഭിജിത് പ്രവീണും ചേർന്ന കൂട്ടുകെട്ടാണ് കേരളത്തെ കരയകയറ്റിയത്. ഇരുവരും ചേർന്ന് 122 റൺസാണ് കൂട്ടിച്ചേ‍ർത്തത്. കരുതലോടെ ബാറ്റു വീശിയ ഇരുവരും ചേ‍ർന്നുള്ള കൂട്ടുകെട്ട് 42 ഓവർ നീണ്ടു. 60 റൺസെടുത്ത അഭിജിതിനെ പുറത്താക്കി സാരാംശ് ജെയിനാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. കളി നിർത്തുമ്പോൾ 81 റൺസോടെ ബാബ അപരാജിത്തും ഏഴ് റൺസോടെ ശ്രീഹരി എസ് നായരുമാണ് ക്രിസീൽ. മധ്യപ്രദേശിന് വേണ്ടി സാരാംശ് ജെയിനും മൊഹമ്മദ് അർഷദ് ഖാനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Exit mobile version