Site iconSite icon Janayugom Online

കാലാവസ്ഥാ വ്യതിയാനത്തില്‍ വലഞ്ഞ് കേരളം; പകല്‍ കനത്ത ചൂടും രാത്രി തണുപ്പും

പകല്‍ കനത്ത ചൂടും രാത്രിയില്‍ തണുപ്പും അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനത്തില്‍ വലഞ്ഞ് സംസ്ഥാനം. പൊതുവെ ശൈത്യകാലമെന്നറിയപ്പെടുന്ന ഫെബ്രുവരി മാസത്തില്‍ തന്നെ കേരളം ചുട്ടുപൊള്ളുകയാണ്. ഏപ്രിൽ‑മെയ് മാസങ്ങളിൽ അനുഭവപ്പെടുന്ന ചൂടാണ് ഈ വർഷം ഫെബ്രുവരിയിൽ തന്നെ അനുഭവപ്പെടുന്നത്. രാത്രികാലങ്ങളിൽ തണുപ്പും പകൽ സമയങ്ങളിൽ അതി കഠിനമായ ചൂട് എന്നതാണ് നിലവിലെ കാലാവസ്ഥ. പകൽ താപനില സാധാരണയേക്കാൾ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ ഉയരുന്നുണ്ട്. നിലവില്‍ പകല്‍-രാത്രി താപനിലകളില്‍ 18 ഡിഗ്രി സെല്‍ഷ്യല്‍ വരെയാണ് വ്യതിയാനം അനുഭവപ്പെടുന്നത്. വരും ദിവസങ്ങളില്‍ ഇതിനു മാറ്റം വരുമെന്നും രാത്രിയിലും ചൂടേറുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.

കണ്ണൂര്‍ വിമാനത്താവളത്തില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ഇന്നലെ കൂടിയ താപനില 38.4 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 20.7 ഡിഗ്രി സെല്‍ഷ്യസുമാണ്. 17.7 ഡിഗ്രിയാണ് വ്യതിയാനം. കോട്ടയത്ത് കൂടിയ താപനില 36 ഡിഗ്രിയും കുറഞ്ഞ താപനില 22 ഡിഗ്രിയുമാണ്. 14 ഡിഗ്രിയാണ് വ്യതിയാനം. പുനലൂരില്‍ കൂടിയ താപനില 35.6 ഡിഗ്രിയും കുറഞ്ഞ താപനില 18.5 ഡിഗ്രിയുമാണ്. കോഴിക്കോട് നഗരത്തില്‍ 35- 23.7, തൃശൂർ 33.8- 21.7, എറണാകുളം 35- 23.4, തിരുവനന്തപുരം 34.5–21.6 എന്നിങ്ങനെയാണ് താപനില. പകല്‍ കടുത്ത ചൂടും രാത്രി വൈകിയും പുലര്‍ച്ചെയും തണുപ്പും അനുഭവപ്പെടുന്ന അന്തരീക്ഷസ്ഥിതി പൊതുവെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ചൂടും തണുപ്പും മാറി വരുന്ന സാഹചര്യം ശരീരത്തിന്റെ താപനിയന്ത്രണ സംവിധാനത്തെയും രോഗപ്രതിരോധ ശേഷിയെയും ബാധിക്കുന്നതിനാല്‍ അസുഖങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ട്. 

കാലാവസ്ഥാ വ്യതിയാനം മൂലം മുമ്പും കാലാവസ്ഥയില്‍ മാറ്റങ്ങളുണ്ടായിരുന്നെങ്കിലും നിലവിലെ മാറ്റങ്ങള്‍ ദ്രുതഗതിയിലാണ്. ഹരിതഗൃഹ വാതകങ്ങളുടെ അമിതമായ ബഹിര്‍ഗമനം ആഗോളതാപനം വര്‍ധിപ്പിക്കുന്നതിനിടയാക്കുന്നുണ്ട്. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തെ അപേക്ഷിച്ച് ഭൂമിയുടെ ശരാശരി ആഗോള താപനില 1.2% വരെ വര്‍ധിച്ചിട്ടുണ്ട്. ഇതുമൂലമുണ്ടാകുന്ന കാലാവസ്ഥാവ്യതിയാനമാണ് നിലവിലെ സ്ഥിതിവിശേഷത്തിന് കാരണം. വരും മാസങ്ങളിലും കേരളത്തില്‍ അതികഠിനമായ ചൂടായിരിക്കും അനുഭവപ്പെടുകയെന്നും കാലാവസ്ഥാ നിരീക്ഷകന്‍ ഗോപകുമാര്‍ ചോലയില്‍ പറഞ്ഞു.

Exit mobile version