വിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാനുള്ള ഹബ്ബായി കേരളത്തെ മാറ്റാനുള്ള സാധ്യത കൂടുതലാണെന്ന് വ്യോമയാന മേഖലയിലെ വിദഗ്ധര്‍. ശ്രീലങ്കയില്‍നിന്നെത്തിയ തൊണ്ണൂറിലധികം വിമാനങ്ങള്‍ കഴിഞ്ഞ ഒന്നരമാസത്തിനിടെ തിരുവനന്തപുരത്തുനിന്ന് ഇന്ധനം നിറച്ചതായി വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ക്കുള്ള ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെ (എടിഎഫ്) നികുതി നിരക്ക് സംസ്ഥാന സര്‍ക്കാര്‍ കുറച്ചതും വിമാനക്കമ്പനികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നു.
ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ 60 വിമാനങ്ങളും മറ്റുള്ള രാജ്യങ്ങളിലെ വിമാനങ്ങളുമാണ് തിരുവനന്തപുരത്തുനിന്ന് ഇന്ധനം നിറച്ചത്. വിമാനം ലാന്‍ഡ് ചെയ്യുന്നതിനു മാത്രം ഒരു ലക്ഷംരൂപയാണ് ഈടാക്കുന്നത്. ക്രൂ ചെയ്ഞ്ചിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് വിമാനത്തില്‍നിന്ന് പുറത്തിറങ്ങാനാകില്ല. വിമാനങ്ങള്‍ക്ക് ശരാശരി ഒരു മണിക്കൂറാണ് അനുമതി നല്‍കുന്നത്. ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ വിമാനങ്ങള്‍ രാത്രിയിലാണ് ഇന്ധനം നിറയ്ക്കാന്‍ കൂടുതലായും എത്തുന്നത്. ഒരു ദിവസം ശരാശരി മൂന്നു വിമാനങ്ങളെങ്കിലും ഇന്ധനം നിറയ്ക്കാന്‍ എത്തുന്നുണ്ടെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.
ശ്രീലങ്കയില്‍നിന്നുള്ള വലിയ വിമാനങ്ങള്‍ ഇന്ധനം നിറച്ചശേഷം ഓസ്‌ട്രേലിയയിലെ സിഡ്‌നി, മെല്‍ബണ്‍ എന്നിവിടങ്ങളിലേക്കും പാരിസിലേക്കും ഫ്രാങ്ക്ഫട്ടിലേക്കുമാണ് പ്രധാനമായും പോകുന്നത്. ഒമാന്‍ എയര്‍, ഷാര്‍ജയുടെ എയര്‍ അറേബ്യ, ബഹ്‌റൈന്റെ ഗള്‍ഫ് എയര്‍, ഫ്ളൈ ദുബായ് തുടങ്ങിയ വിമാനക്കമ്പനികളാണ് തിരുവനന്തപുരം വിമാനത്താവളത്തെ ആശ്രയിക്കുന്നത്. ഗള്‍ഫ് മേഖലയില്‍നിന്ന് ശ്രീലങ്കയിലെത്തുന്ന വിമാനങ്ങള്‍ അവിടെനിന്ന് തിരുവനന്തപുരത്തെത്തി ഇന്ധനം നിറച്ചശേഷം ഗള്‍ഫ് മേഖലയിലേക്കു തിരിച്ചു പോകും. 33വിമാനങ്ങളാണ് കൊച്ചി വിമാനത്താവളത്തില്‍ ഇതുവരെ ഇന്ധനം നിറയ്ക്കാനെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. ശ്രീലങ്കന്‍ എയര്‍ലൈന്‍സ്, എയര്‍ അറേബ്യ, എത്തിഹാത് തുടങ്ങിയ കമ്പനികള്‍ സൗകര്യം ഉപയോഗിക്കുന്നുണ്ട്.
സിംഗപ്പൂരിനെ ഗള്‍ഫ് മേഖലയുമായി ബന്ധിപ്പിക്കുന്ന സുപ്രധാന അന്താരാഷ്ട്ര റൂട്ട് കടന്നു പോകുന്നത് (ആല്‍ഫ 330) തിരുവനന്തപുരത്തുകൂടിയാണ്. നിരവധി വിമാനങ്ങളാണ് ഇതുവഴി ദിവസേന സഞ്ചരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലെ റഡാറാണ് വിമാനങ്ങളെ നിയന്ത്രിക്കുന്നത്. ലോകത്തെ പല വിമാനത്താവളങ്ങളും ടെക്‌നിക്കല്‍ ലാന്‍ഡിങ് സൗകര്യം ഒരുക്കുന്നതിലൂടെ വലിയ വരുമാനം നേടുന്നുണ്ടെന്നും വിദഗ്ധര്‍ പറഞ്ഞു.
English summary; Kerala as a hub for refueling planes; In the last few months, around 100 planes came to refuel
You may also like this video;