Site iconSite icon Janayugom Online

കേരള‑ബംഗളൂരു ട്രെയിന്‍ സര്‍വീസുകള്‍ കൂട്ടണം; കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തെഴുതി എ എ റഹീം എംപി

കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്കും തിരിച്ചും ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ച് എഎ റഹീം എംപി ട്രെയിൻ ഗതാഗത സംവിധാനത്തിലെ അടിസ്ഥാനപ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നും എംപി കത്തിൽ ആവശ്യപ്പെട്ടു 

കേരളത്തിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകൾ ബംഗളൂരുവിൽ ജോലി ചെയ്യുന്നുണ്ട്. ബിസിനസ് അവശ്യങ്ങൾക്കായും സ്വകാര്യ അവശ്യങ്ങൾക്കായും മലയാളികൾ പ്രധാനമായും ആശ്രയിക്കുന്ന പ്രധാന കേന്ദ്രമാണ് ബംഗളൂരു.കേരളത്തിന് പുറത്ത് ഏറ്റവും കൂടുതൽ മലയാളികൾ താമസിക്കുന്ന നഗരങ്ങളിലൊന്നുമാണ് ബംഗളൂരു, ഏകദേശം 10 ലക്ഷത്തോളം മലയാളികൾ ബംഗളൂരുവിൽ താമസിക്കുന്നുണ്ട്.എന്നാൽ കേരളത്തിനും ബംഗളൂരുവിനുമിടയിൽ ആകെ ഒമ്പത് ട്രെയിൻ സർവീസുകൾ മാത്രമാണുള്ളത്. 

അതിനാൽ തന്നെ സർവീസിലെ ദൗർലഭ്യം കാരണം ഭൂരിഭാഗം യാത്രക്കാർക്കും സ്വകാര്യ ബസ് സർവീസുകളെ ആശ്രയിക്കേണ്ടതായി വരുന്നു. ഈ സാഹചര്യം മുതലാക്കി സ്വകാര്യ ബസുകൾ സ്വന്തംനിലയ്ക്ക് നിരക്കുകൾ നിശ്ചയിക്കുകയാണ്, ഈ നിരക്ക് സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതിനേക്കാൾ വളരെ കൂടുതലാണ്. ഉത്സവ സീസണുകളിൽ ഈ ചൂഷണം പരിധിവിടുന്നു. സാധാരണ ടിക്കറ്റുകളുടെ ഒരു ഭാഗം പ്രീമിയം തത്കാലിലേക്ക് വഴിതിരിച്ചുവിട്ട് സാധാരണ നിരക്കിന്റെ പലമടങ്ങ് വിലയ്ക്ക് വിറ്റഴിച്ചുകൊണ്ട് റെയിൽവേയും അടുത്ത കാലത്തായി ഈ നയം പിന്തുടരുകയാണ്

കേരളത്തിൽ നിന്ന് ബംഗളൂരുവിലേക്കും തിരിച്ചുമുള്ള യാത്രക്കാർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പൂർണ്ണമായും പരിഹാരം നൽകുന്നതിന് ഈ റൂട്ടുകളിലെ ട്രെയിൻ സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ, നിലവിലുള്ള പ്രത്യേക ട്രെയിൻ സർവീസുകൾ അടിയന്തരമായി ക്രമീകരിക്കേണ്ടതുണ്ട്.

പ്രീമിയം തത്കാൽ ടിക്കറ്റുകളിലൂടെ വൻതുക കൊയ്തുകൊണ്ട് തിരക്കിനിടയിൽ യാത്രക്കാരുടെ ദുരിതം മുതലെടുക്കുന്നതിൽ നിന്ന് ഇന്ത്യൻ റെയിൽവേ പിന്മാറണം. ഈ റൂട്ടുകളിൽ സ്ഥിരമായി യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസം പകരാൻ കേരളത്തിനും ബംഗളൂരുവിനുമിടയിൽ സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് കേന്ദ്ര റെയിൽവേ മന്ത്രാലയം അടിയന്തരമായി ഇടപെടണം എന്നും കത്തിൽ ആവശ്യപ്പെട്ടു.

Eng­lish Summary:
Ker­ala-Ban­ga­lore train ser­vices should be increased; AA Rahim MP wrote a let­ter to the Union Rail­way Minister

You may also like this video:

Exit mobile version