2024–25 സാമ്പത്തിക വർഷം കേരള ബാങ്കിന്റെ അംഗസംഘങ്ങൾക്ക് ലാഭവിഹിതം നൽകാനാവുമെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ. കേരള ബാങ്കിന്റെ നാലാം വാർഷിക പൊതുയോഗവും സഹകാരി സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 2023–24ൽ 209 കോടി രൂപയുടെ അറ്റലാഭം നേടിയ ബാങ്കിന് അടുത്ത സാമ്പത്തിക വർഷം സംഘങ്ങൾക്ക് ലാഭവിഹിതം നൽകുന്ന തരത്തിലേക്ക് വളരാൻ കഴിയുമെന്ന് മന്ത്രി അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 10 ഇരട്ടി വളർച്ചയാണ് അറ്റ ലാഭത്തിൽ ബാങ്ക് നേടിയത്. സഹകാരികളുടെ ഓണറേറിയത്തിൽ കാലോചിതമായ വർധനവ് ഒക്ടോബർ മുതൽ നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. പ്രതിസന്ധി നേരിടുന്ന സംഘങ്ങളുടെ നിക്ഷേപ ഗ്യാരണ്ടി പരിധി രണ്ട് ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമായും വർധിപ്പിച്ചു.
നിലവിൽ 67,978.87 കോടി രൂപയുടെ നിക്ഷേപവും 1,16,582.24 കോടി രൂപയുടെ ആകെ ബിസിനസുമുള്ള കേരള ബാങ്കിന്റെ പ്രവർത്തനങ്ങൾ ഈ ലക്ഷ്യം നടപ്പാക്കാൻ പര്യാപ്തമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ അറിയിച്ചു. സംഘങ്ങളുടെ ഓഹരി പിൻവലിക്കൽ സംബന്ധിച്ചുള്ള ബൈലോ ഭേദഗതി പിൻവലിക്കാനും പൊതുയോഗം തീരുമാനിച്ചു. മറ്റു വാണിജ്യ ബാങ്കുകൾ നൽകുന്ന യുപിഐ ഉൾപ്പെടെ എല്ലാ ആധുനിക ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളും ലഭിക്കുന്ന കേരള ബാങ്കിൽ അക്കൗണ്ട് തുറക്കുന്നതിന് മിനിമം ബാലൻസ് പരിധിയോ ചാർജുകളോ ഈടാക്കുന്നതല്ല. ചൂരൽമല, മുണ്ടക്കൈ ദുരന്ത ബാധിതരുടെ വായ്പാ കുടിശിക എഴുതിത്തള്ളിയ നടപടിയും പൊതുയോഗം ഐകകണ്ഠേന അംഗീകരിച്ചു.
പൊതുയോഗത്തിൽ സംഘത്തിലെ 1300 ഓളം പ്രതിനിധികൾ പങ്കെടുത്തു. ബാങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണൻ സ്വാഗതം പറഞ്ഞു. പ്രവർത്തന റിപ്പോർട്ട് അവതരണം ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ജോർട്ടി എം ചാക്കോ നിർവഹിച്ചു. സഹകരണ വകുപ്പ് സെക്രട്ടറി വീണ എൻ മാധവൻ ഐഎഎസ്, സഹകരണ സംഘം രജിസ്ട്രാർ ജ്യോതിപ്രസാദ്, ബോർഡ് ഓഫ് മാനേജ്മെന്റ് ചെയർമാൻ വി രവീന്ദ്രൻ, ഭരണസമിതി അംഗങ്ങൾ, ബോർഡ് ഓഫ് മാനേജ്മെന്റ് അംഗങ്ങൾ, ചീഫ് ജനറൽ മാനേജർമാരായ റോയ് എബ്രഹാം, എ ആർ രാജേഷ്, ജനറൽ മാനേജർമാർ എന്നിവർ പങ്കെടുത്തു. അഡ്വ. എസ് ഷാജഹാൻ നന്ദി അറിയിച്ചു.