Site iconSite icon Janayugom Online

വല നിറച്ച് കേരളം; ആന്‍ഡമാനെതിരെ ഒമ്പത് ഗോള്‍ ജയം

സന്തോഷ് ട്രോഫി യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തിലും കേരളത്തിന് തകർപ്പൻ ജയം. കലൂർ സ്റ്റേഡിയത്തിൽ ആൻഡമാൻ നിക്കോബാറിനെ നേരിട്ട കേരളം അനായാസം അവരെ കീഴടക്കി. എതിരില്ലാത്ത ഒമ്പതു ഗോളുകൾക്കായിരുന്നു കേരളത്തിന്റെ വിജയം. ആദ്യ മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് കേരളം ലക്ഷദ്വീപിനെ പരാജയപ്പെടുത്തിയിരുന്നു. തുടക്കത്തിൽ ആൻഡമാന്റെ ഗോൾ കീപ്പർ അബ്ദുൽ അസീസിന്റെ പ്രകടനം കേരളത്തിനെ ആദ്യ ഗോൾ നേടുന്നതിൽ കുറച്ചുനേരം വൈകിച്ചെങ്കിലും പിന്നീട് ഗോൾ വല നിരന്തരം കുലുങ്ങി

39-ാം മിനുട്ടിൽ ആണ് ആദ്യ ഗോൾ വന്നത്. ഒരു ലോങ് റേഞ്ചർ പോസ്റ്റിൽ തട്ടി മടങ്ങവെ നിജോ ഗിൽബേർട് പന്ത് ടാബിൻ ചെയ്ത് വലയിലാക്കുകയായിരുന്നു. ഈ ആദ്യ ഗോളിന് ശേഷം പിന്നെ ഗോൾ മഴയായി. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ ഇരട്ട ഗോളുകളുമായി ജെസിൻ കേരളത്തെ 3–0നു മുന്നിൽ എത്തിച്ചു.

രണ്ടാം പകുതിയിലും ഗോൾ മഴ തുടർന്നു. 64-ാം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് ബിബിൻ തോമസ് ഒരു ഹെഡറിലൂടെ കേരളത്തിന്റെ നാലാം ഗോൾ നേടി. അടുത്തത് അർജുൻ ജയരാജിന്റെ ഗോളായിരുന്നു. അർജുൻ പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് ഒരു ബുള്ളറ്റ് ഷോട്ടിലൂടെ ആയിരുന്നു ഗോൾ നേടിയത്. കളിയിലെ ഏറ്റവും മികച്ച ഗോൾ ഇതായിരുന്നു.

80-ാം മിനുട്ടിൽ സഫ്‌നാദ്, 81-ാം മിനുട്ടിൽ നിജോ, 85-ാം മിനുട്ടിൽ സൽമാൻ, 93-ാം മിനുട്ടിൽ വീണ്ടും സഫ്‌നാദ് എന്നിവർ ഗോൾ നേടിയതോടെ കേരളം 9–0ന്റെ വിജയം ഉറപ്പിച്ചു. അവസാന മത്സരത്തിൽ കേരളം പോണ്ടിച്ചേരിയെ നേരിടും.

eng­lish sum­ma­ry; Ker­ala beat Andamans by nine goals

you may also like this video;

Exit mobile version