രഞ്ജി ട്രോഫിയിൽ, പുതിയ സീസണ്, വിജയത്തോടെ ഉജ്ജ്വല തുടക്കമിട്ട് കേരളം. സീസണിലെ ആദ്യ മത്സരത്തിൽ പഞ്ചാബിനെ എട്ട് വിക്കറ്റിനാണ് കേരളം തോല്പിച്ചത്. പഞ്ചാബ് ഉയർത്തിയ 158 റൺസെന്ന വിജയലക്ഷ്യം കേരളം അനായാസം മറികടക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ ലീഡ് വഴങ്ങിയ ശേഷം, ശക്തമായി തിരിച്ചു വന്നാണ് കേരളം വിജയം സ്വന്തമാക്കിയത്.
രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റിന് 23 റൺസെന്ന നിലയിലാണ് പഞ്ചാബ് അവസാന ദിവസം കളി തുടങ്ങിയത്. എന്നാൽ കളി തുടങ്ങി ആറാം ഓവറിൽ തന്നെ അഞ്ച് റൺസെടുത്ത ക്രിഷ് ഭഗതിനെ ബാബ അപരാജിത് മടക്കി. വൈകാതെ 12 റൺസെടുത്ത നേഹൽ വധേരയെയും ബാബ അപരാജിത് തന്നെ ക്ലീൻ ബൗൾഡാക്കി. എന്നാൽ ആറാം വിക്കറ്റിൽ ഒത്തു ചേർന്ന അൻമോൽപ്രീത് സിങ്ങും പ്രഭ്സിമ്രാൻ സിങ്ങും പഞ്ചാബിന് പ്രതീക്ഷ നല്കി. ഇരുവരും ചേർന്ന് 71 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 51 റൺസെടുത്ത പ്രഭ്സിമ്രാനെ മടക്കി ജലജ് സക്സേന കേരളത്തെ മത്സരത്തിലേക്ക് മടക്കിക്കൊണ്ടു വന്നു. വെറും 21 റൺസിനിടെ പഞ്ചാബിൻ്റെ ശേഷിക്കുന്ന നാല് വിക്കറ്റുകൾ കൂടി വീണു. ആദിത്യ സർവാതെയും ബാബ അപരാജിത്തും നാല് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ശേഷിക്കുന്ന രണ്ട് വിക്കറ്റ് ജലജ് സക്സേനയും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം വിജയം മാത്രം ലക്ഷ്യമാക്കി ഏകദിന ശൈലിയിലായിരുന്നു ബാറ്റ് വീശിയത്. രോഹൻ കുന്നുമ്മലിൻ്റെ അതിവേഗ ഇന്നിങ്സ് തുടക്കത്തിൽ തന്നെ കേരളത്തിന് മുൻതൂക്കം നല്കി. 36 പന്തിൽ 48 റൺസുമായി രോഹൻ മടങ്ങിയെങ്കിലും സച്ചിൻ ബേബിയും തുടർന്നെത്തിയ ബാബ അപരാജിത്തും മികച്ച രീതിയിൽ ബാറ്റിങ് തുടർന്നു.സച്ചിൻ ബേബി 56 റൺസെടുത്തു. ബാബ അപരാജിത് 39 റൺസോടെയും സൽമാൻ നിസാർ ഏഴ് റൺസോടെയും പുറത്താകാതെ നിന്നു.
പുതിയ സീസൺ വിജയത്തോടെ തുടങ്ങാനായത് കേരളത്തിന് ആത്മവിശ്വാസമേകും. കേരളത്തിന് വേണ്ടി ഇറങ്ങിയ മൂന്ന് അതിഥി താരങ്ങളും തിളങ്ങിയതാണ് കേരളത്തിൻ്റെ വിജയത്തിൽ നിർണ്ണായകമായത്. ആദിത്യ സർവാതെ രണ്ട് ഇന്നിങ്സുകളിലായി ഒൻപത് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, ജലജ് സക്സേന ഏഴ് വിക്കറ്റും സ്വന്തമാക്കി. നാല് വിക്കറ്റിനൊപ്പം രണ്ടാം ഇന്നിങ്സിൽ ബാറ്റ് കൊണ്ടും മികവ് പുറത്തെടുത്ത ബാബ അപരാജിത്തിന്‍റെ പ്രകടനവും ശ്രദ്ധേയമായി. 18ന് ബംഗളൂരുവിൽ കർണ്ണാടകവുമായാണ് കേരളത്തിൻ്റെ അടുത്ത മത്സരം.