Site iconSite icon Janayugom Online

ഹീറോ സൂപ്പർ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി, ഹീറോ സൂപ്പർ കപ്പ് 2023നുള്ള ടീമിനെ പ്രഖ്യാപിച്ചു. ജെസൽ കർണെയ്റോ നയിക്കുന്ന 29 അംഗ ടീം നിലവിൽ ടൂർണമെന്റിനായുള്ള തയ്യാറെടുപ്പിലാണ്. ഈ മാസം എട്ടിന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ ഐലീഗ് ചാമ്പ്യൻമാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. വ്യക്തിപരമായ കാരണങ്ങളാൽ ക്ലബ്ബ് അവധി നീട്ടിനൽകിയതിനാൽ അഡ്രിയാൻ ലൂണ ടൂർണമെന്റിൽ പങ്കെടുക്കില്ല. അതേസമയം, ലൂണ ഒഴികെയുള്ള ടീമിലെ മറ്റ് വിദേശ താരങ്ങളെല്ലാം ഐഎസ്എൽ ഇടവേളയ്ക്ക് ശേഷം ടീമിനൊപ്പം പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. പ്രാദേശിക യുവ പ്രതിഭകളെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

കിരീടം ലക്ഷ്യമിട്ടാണ് തങ്ങൾ ഹീറോ സൂപ്പർ കപ്പിനിറങ്ങുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്സ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു. ഇന്ത്യൻ സൂപ്പർ ലീഗിന് തൊട്ടുപിന്നാലെ മറ്റൊരു ടൂർണമെന്റിനായി ടീം പൂർണമായും തയ്യാറാണ്. വിദേശ താരങ്ങൾക്കൊപ്പം നിശ്ചയദാർഢ്യമുള്ള പ്രാദേശിക പ്രതിഭകൾ ടീമിനെ എല്ലാ അർത്ഥത്തിലും സമ്പൂർണമാക്കും, അവരുടെ പ്രകടനത്തിൽ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്-കരോലിസ് സ്കിൻകിസ് കൂട്ടിച്ചേർത്തു.

29 അംഗ ടീമിൽ 11 താരങ്ങൾ മലയാളികളാണ്. രാഹുൽ കെ പി, സഹൽ അബ്ദുൾ സമദ്, ശ്രീക്കുട്ടൻ എം എസ്, സച്ചിൻ സുരേഷ്, നിഹാൽ സുധീഷ്, വിബിൻ മോഹനൻ, ബിജോയ് വർഗീസ്, മുഹമ്മദ് അസ്ഹർ, മുഹമ്മദ് ഐമെൻ, മുഹമ്മദ് സഹീഫ്, തേജസ് കൃഷ്ണ എന്നിവരാണ് ടീമിലെ മലയാളി താരങ്ങൾ. ഓസ്ട്രേലിയൻ സ്ട്രൈക്കർ അപ്പോസ്തലോസ് ജിയാനു ആണ് ടീമിലെ ഏക അന്താരാഷ്ട്ര ഏഷ്യൻ താരം. 

ഗോൾകീപ്പർമാർ: പ്രഭ്സുഖൻ സിങ് ഗിൽ, കരൺജിത് സിങ്, സച്ചിൻ സുരേഷ്, മുഹീത് ഷബീർ.
പ്രതിരോധ താരങ്ങൾ: വിക്ടർ മോംഗിൽ, മാർക്കോ ലെസ്കോവിച്ച്, ഹോർമിപം റൂയിവ, സന്ദീപ് സിങ്, ബിജോയ് വർഗീസ്, നിഷു കുമാർ, ജെസൽ കർണെയ്റോ, മുഹമ്മദ് സഹീഫ്, തേജസ് കൃഷ്ണ.
മധ്യനിര താരങ്ങൾ: ഡാനിഷ് ഫാറൂഖ്, ആയുഷ് അധികാരി, ജീക്സൺ സിങ്, ഇവാൻ കല്യൂഷ്നി, മുഹമ്മദ് അസ്ഹർ, വിബിൻ മോഹനൻ.
മുന്നേറ്റ താരങ്ങൾ: ബ്രൈസ് ബ്രയാൻ മിറാൻഡ, സൗരവ് മണ്ഡൽ, രാഹുൽ കെ പി, സഹൽ അബ്ദുൽ സമദ്, നിഹാൽ സുധീഷ്, ബിദ്യാസാഗർ സിങ്, ശ്രീക്കുട്ടൻ എം എസ്, മുഹമ്മദ് ഐമെൻ, ദിമിത്രിയോസ് ഡയമന്റകോസ്, അപ്പോസ്തലോസ് ജിയാനു. 

Eng­lish Summary;Kerala Blasters announces squad for Hero Super Cup

You may also like this video

Exit mobile version