Site iconSite icon Janayugom Online

വിവാദ ഗോള്‍; കേരള ബ്ലാസ്‌റ്റേഴ്‌സ് മത്സരം ബഹിഷ്കരിച്ചു, ബെംഗളൂരു സെമിയിലേക്ക്

ബെംഗളൂരു എഫ്.സിക്കെതിരായ പ്ലേഓഫ് മത്സരം പൂര്‍ത്തിയാക്കാതെ കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ മൈതാനം വിട്ടു. ഇതോടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ബെംഗളൂരുവും ബ്ലാസ്‌റ്റേഴ്‌സും തമ്മിലുള്ള ആദ്യ പ്ലേഓഫ് മത്സരത്തില്‍ ബെംഗളൂരുവിനെ വിജയിയായി പ്രഖ്യാപിച്ചു.   ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ തയ്യാറാകുന്നതിന് മുമ്പ് ബംഗളൂരു എഫ്.സി ഫ്രീകിക്കിലൂടെ ഗോള്‍ നേടിയത് അംഗീകരിക്കാതെയാണ് ബ്ലാസ്‌റ്റേഴ്‌സ് കളി ബഹിഷ്‌കരിച്ചത്. കളി എക്സ്ട്രാ ടൈമില്‍ ഗോള്‍രഹിതമായി നില്‍ക്കുമ്പോഴായിരുന്നു വിവാദ ഗോള്‍ പിറന്നത്.

കേരള ബ്ലാസ്റ്റേഴ്സ് ഫ്രീകിക്ക് പ്രതിരോധിക്കാന്‍ തയ്യാറാകും മുമ്പേ സുനില്‍ ഛേത്രി ബംഗളൂരുവിനായി ഗോളടിക്കുകയായിരുന്നു. തുടര്‍ന്ന് ഗോള്‍ അംഗീകരിക്കാതെ ബ്ലാസ്റ്റേഴ്സ് കളംവിടുകയായിരുന്നു. ഇതോടെ മാച്ച്‌ കമ്മിഷണര്‍ മത്സരത്തില്‍ ബംഗളൂരു എഫ് സിയെ വിജയികളായി പ്രഖ്യാപിച്ചു. ആദ്യ 90 മിനുട്ടിലും ഗോള്‍ പിറന്നിരുന്നില്ല. തുടര്‍ന്ന് എക്സ്ട്രാ ടൈമിലേക്ക് മത്സരം നീളുകയായിരുന്നു.

അധികസമയത്തിന്റെ ആറാം മിനിട്ടിലാണ് ഗോള്‍ ഉണ്ടായത്. കളിക്കാരും ഒഫിഷ്യലുകളും തമ്മില്‍ ഏറെ നേരം വാക്കേറ്റമുണ്ടായി, കോച്ച് ഇവാന്‍ വുകോമാനോവിച്ച് കളിക്കാരെ തിരിച്ചുവിളിക്കുകയായിരുന്നു. അധികസമയം അവസാനിക്കും വരെ ബംഗളൂരു താരങ്ങൾ കളത്തിലുണ്ടായിരുന്നു. സമയം അവസാനിച്ചപ്പോൾ റഫറി ഫൈനൽ വിസിൽ മുഴക്കി ബംഗളൂരുവിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ഐഎസ്എല്‍ ചരിത്രത്തില്‍ ആദ്യമായാ‌ണ് ഒരു ടീം കളി പൂര്‍ത്തിയാക്കാതെ പുറത്ത് പോകുന്നത്. ഈ തീരുമാനത്തില്‍ ബ്ലാസ്റ്റേഴ്സിനെതിരെ കടുത്ത നടപടി ഉണ്ടാകാനും സാധ്യതയുണ്ട്. ബംഗളൂരു ഇനി സെമിയില്‍ മുംബൈ സിറ്റിയെ നേരിടും.

Eng­lish Sum­ma­ry: ker­ala blasters vs bengaluru
You may also like this video

Exit mobile version