Site iconSite icon Janayugom Online

സംസ്ഥാനത്ത് നിര്‍മ്മിക്കുന്ന ഉല്പന്നങ്ങള്‍ക്ക് ഇനി ‘കേരള ബ്രാന്‍ഡ് ’

സംസ്ഥാനത്ത് നിര്‍മ്മിക്കപ്പെടുന്ന ഉല്പന്നങ്ങള്‍ക്ക് ഗുണമേന്‍മ ഉറപ്പാക്കാന്‍ ഇനി ‘കേരള ബ്രാന്‍ഡ് ‘. വിട്ടു വീഴ്ചയില്ലാത്ത ഗുണനിലവാരം ഉല്പന്നങ്ങള്‍ക്ക് ഉറപ്പാക്കുന്നതിനൊപ്പം ദേശീയ, അന്തര്‍ദേശീയ വിപണികള്‍ പ്രാപ്തമാക്കുന്നതിന് അവയെ സഹായിക്കുന്നതിനുമായി വ്യവസായ വകുപ്പ് ആവിഷ്കരിച്ചിട്ടുള്ള പദ്ധതിയാണിത്. കേരള ബ്രാന്‍ഡിങ്ങിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. പദ്ധതിയുടെ പൊതുമാനദണ്ഡങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ബ്രാന്‍ഡിന് ലോഗോയും തയ്യാറായി. പദ്ധതിയുടെ ലോഞ്ചിങ് ഉടന്‍ തന്നെ നടത്താനാണ് ലക്ഷ്യമിടുന്നത്.

ആദ്യഘട്ടമായി കേരള ബ്രാന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നതിന് വെളിച്ചെണ്ണയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മാനദണ്ഡപ്രകാരം പൂര്‍ണമായും കേരളത്തില്‍ നിന്നും സംഭരിക്കുന്ന നാളികേരം മാത്രം ഉപയോഗിച്ച് സംസ്ഥാനത്ത് തന്നെ നിര്‍മ്മിക്കുന്നതായിരിക്കണം വെളിച്ചെണ്ണ. വിപണിയില്‍ അംഗീകൃതമായ അഗ്മാര്‍ക്ക്, ബിഐഎസ് 542 എന്നീ സര്‍ട്ടിഫിക്കേഷനുകളില്‍ ഏതെങ്കിലും ഒന്നുള്ള യുഡിവൈഎഎം രജിസ്ട്രേഷന്‍ എടുത്തിട്ടുള്ള കേരളത്തിലെ വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റുകളെയാണ് കേരള ബ്രാന്‍ഡിങ്ങിനായി പരിഗണിക്കുക. 

മറ്റ് ഉല്പന്നങ്ങള്‍ക്കോ സേവനങ്ങള്‍ക്കോ കേരള ബ്രാന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ നിര്‍ദേശിക്കുന്ന ഉല്പന്നങ്ങള്‍, സേവനങ്ങള്‍, വിപണിയില്‍ നിലവിലുള്ള ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നവ ആയിരിക്കണം. പ്രത്യേക ഗുണനിലവാര മാനദണ്ഡങ്ങള്‍ നിലവില്‍ നിഷ്‌കര്‍ഷിക്കപ്പെടാത്ത ഉല്പന്നങ്ങളുടെ/സേവനങ്ങളുടെ കാര്യത്തില്‍ അനുയോജ്യമായ മാനദണ്ഡങ്ങള്‍ സംസ്ഥാനതല കമ്മിറ്റി നിര്‍ദേശിക്കും. ഈ വ്യവസ്ഥകള്‍ കൂടാതെ അപേക്ഷിക്കുന്ന എല്ലാ യൂണിറ്റുകളും കേരള ബ്രാന്‍ഡിന് കീഴില്‍ വിഭാവനം ചെയ്തിട്ടുള്ള ഗുണനിലവാരം, ധാര്‍മികത, ഉത്തരവാദിത്ത വ്യവസായ സമ്പ്രദായങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്നവ ആയിരിക്കണം. ഇത് സംബന്ധിച്ച് നിര്‍മ്മാതാക്കള്‍ അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തല്‍ സമര്‍പ്പിക്കുകയും താലൂക്ക്തല സെലക്ഷന്‍ കമ്മറ്റിയുടെ പ്രതിനിധി അത് നേരിട്ട് പരിശോധിച്ച് ഉറപ്പ് വരുത്തുകയും ചെയ്യും. കേരള ബ്രാന്‍ഡിനുള്ള അപേക്ഷകള്‍ ഒരു താലൂക്ക് തല സെലക്ഷന്‍ സമിതി പരിഗണിക്കുകയും അതാത് ഉല്പന്നത്തിന് സംസ്ഥാനതല കമ്മിറ്റി അംഗീകരിച്ചിട്ടുള്ള മാനദണ്ഡത്തെ അടിസ്ഥാനമാക്കി കേരള ബ്രാന്‍ഡ് നല്‍കുകയും ചെയ്യും.

Eng­lish Summary:‘Kerala brand’ for prod­ucts man­u­fac­tured in the state

You may also like this video

Exit mobile version