Site icon Janayugom Online

ചാർട്ടേഡ് വിമാനമൊരുക്കി കേരളം

ഉക്രെയ്നില്‍ നിന്ന് 154 മലയാളി വിദ്യാർത്ഥികൾ കൂടി ഇന്നലെ രാജ്യത്തേക്കു മടങ്ങിയെത്തി. ഇവരടക്കം ‘ഓപ്പറേഷൻ ഗംഗ’ രക്ഷാദൗത്യം ആരംഭിച്ചതിനു ശേഷം ഇതുവരെ ആകെ 398 മലയാളി വിദ്യാർത്ഥികൾ നാട്ടിൽ എത്തി.

രക്ഷാദൗത്യം പുരോഗമിക്കുന്നതിനുസരിച്ചു കൂടുതലായി വിദ്യാർത്ഥികൾ എത്തുന്ന സാഹചര്യത്തിൽ കേരളത്തിലേക്കുള്ള ഇവരുടെ യാത്ര വേഗത്തിലാക്കുന്നതിന് സംസ്ഥാന സർക്കാർ ഇന്നലെ പ്രത്യേക ചാർട്ടേഡ് വിമാനം ഒരുക്കിയിരുന്നു.

ഇതിൽ 170 വിദ്യാർത്ഥികൾ ഇന്നലെ രാത്രി 8.20 ഓടെ കൊച്ചി വിമാനത്താവളത്തിൽ എത്തി. നെടുമ്പാശേരിയിൽ നിന്നു വിദ്യാർത്ഥികളെ സ്വദേശങ്ങളിലെത്തിക്കാൻ നോർക്കയുടെ നേതൃത്വത്തിൽ കാസർകോട്ടേയ്ക്കും തിരുവനന്തപുരത്തേക്കും പ്രത്യേക ബസുകൾ ഏർപ്പെടുത്തി. ഡൽഹിയിലും മുംബൈയിലുമായി ഇതുവരെ എത്തിയ 395 പേരെയും നാട്ടിലേക്ക് എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. മൂന്നുപേര്‍ അന്യസംസ്ഥാനത്ത് താമസമാക്കിയവരാണ്.

ഉക്രെയ്നിൽ നിന്നു കൂടുതൽ വിദ്യാർത്ഥികൾ നാട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പരമാവധി വേഗത്തിൽ ഇവരെ കേരളത്തിലെത്തിക്കാൻ ചാർട്ടേഡ് വിമാനം ഏർപ്പെടുത്തിയത്. വിദ്യാർത്ഥികളുടെ സഹായത്തിനായി വനിതകളടങ്ങുന്ന പ്രത്യേക സംഘത്തെയും നോർക്ക റൂട്ട്സ് നിയോഗിച്ചിട്ടുണ്ട്.

ബുക്കാറെസ്റ്റിൽനിന്ന് ഇന്ത്യൻ എയർഫോഴ്സിന്റെ വിമാനമടക്കം നാലു വിമാനങ്ങൾകൂടി ഇന്നു ഡൽഹിയിൽ എത്തുന്നുണ്ട്. നാളെയും എട്ടു വിമാനങ്ങള്‍ പോളണ്ട്, ഹംഗറി, റൊമാനിയ, സ്ലോവാക്യ എന്നിവിടങ്ങളിൽ നിന്നു ഡൽഹിയിലേക്കും മുംബൈയിലേക്കും സർവീസ് നടത്തും.

eng­lish sum­ma­ry; Ker­ala builds a char­tered aircraft

you may also like this video;

Exit mobile version