Site icon Janayugom Online

‘കേരള ചിക്കന്‍’ ഹിറ്റായി; വില്പന 50 കോടി കടന്നു

ഗുണമേന്മയുള്ള കോഴിയിറച്ചിയുടെ വിപണനം ന്യായമായ വിലയ്ക്ക് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച കേരള ചിക്കൻവഴി, കുടുംബശ്രീയ്ക്ക് ഇതുവരെ ലഭിച്ചത് 50. 20 കോടി രൂപയുടെ വിറ്റുവരവ്. 2017 നവംബറിലാണ് പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചത്.

മൃഗസംരക്ഷണ വകുപ്പുമായി സംയോജിച്ചാണ് പദ്ധതി കുടുംബശ്രീ നടപ്പിലാക്കി വരുന്നത്. പദ്ധതിയുടെ ഭാഗമായി, ഇന്റഗ്രേഷൻ ഫാമിങ് വഴി ഇറച്ചിക്കോഴി വിപണിയിലെത്തിക്കൽ, പ്രോസസിങ് യൂണിറ്റ് ആരംഭിച്ച് പ്രവർത്തിപ്പിക്കൽ എന്നീ രണ്ട് പ്രവർത്തനങ്ങളാണ് കുടുംബശ്രീ ചെയ്യുന്നത്. കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡ് എന്ന കമ്പനിയും ഇതിനായി ആരംഭിച്ചിരുന്നു. തുടക്കത്തിൽ കോഴി വളർത്തുന്നതിനുള്ള ഫാമുകൾ ആരംഭിക്കുകയും ഈ ഫാമുകളിൽ നിന്നുള്ള ബ്രോയിലർ ചിക്കൻ വിപണിയിലെത്തിക്കുകയും ചെയ്യുന്ന പ്രവർത്തനമാണ് കുടുംബശ്രീ നടത്തിയത്.

പിന്നീട് 2020 ജൂൺ മാസം മുതൽ കേരള ചിക്കന്റെ മാത്രം ബ്രാൻഡഡ് വിപണന കേന്ദ്രങ്ങളും കുടുംബശ്രീ ആരംഭിച്ചു. ഈ കേന്ദ്രങ്ങൾ മുഖേന ‘കേരള ചിക്കൻ’ എന്ന ബ്രാൻഡിൽ ബ്രോയിലർ ചിക്കൻ പൊതുവിപണിയിൽ ലഭ്യമാക്കി തുടങ്ങുകയും ചെയ്തു. നിലവിൽ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി 248 ഫാമുകളും 82 വിപണന കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് എന്നീ ആറ് ജില്ലകളിലായാണ് ഫാമുകളും വിപണന കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത്. ഒരു ദിവസം ഏകദേശം 20 ലക്ഷം രൂപയുടെ വില്പനയാണ് ഇപ്പോൾ നടക്കുന്നത്. ഇതുവരെ 25 ലക്ഷത്തിലേറെ ഇറച്ചിക്കോഴികളെ വിറ്റഴിച്ചു കഴിഞ്ഞു. ഈ ഫാമുകളും വിപണന കേന്ദ്രങ്ങളും വഴി 330 കുടുംബങ്ങൾക്ക് ഉപജീവന അവസരവും ലഭിക്കുന്നുണ്ട്. ഉടൻ തന്നെ പാലക്കാട്, മലപ്പുറം, കണ്ണൂർ, ആലപ്പുഴ എന്നീ നാല് ജില്ലകളിലും പദ്ധതി വ്യാപിപ്പിക്കും.

Eng­lish Sum­ma­ry: ‘Ker­ala Chick­en’ hits; Sales crossed Rs 50 crore

You may like this video also

Exit mobile version