Site iconSite icon Janayugom Online

കേരളം നിറം മങ്ങി; ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനത്തോടെ 14-ാമത്

നിരാശയുടേയും നാണക്കേടിന്റെയും ബാക്കിപത്രവുമായാണ് കേരളത്തിന്റെ ദേശീയ ഗെയിംസ് സംഘം ഡെറാഡൂണില്‍ നിന്നും മടങ്ങിയത്. ഇന്നലെ ഉത്തരാഖണ്ഢിലെ ഹല്‍ദ്വാനി ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തില്‍ 38-ാമത് ദേശീയ ഗെയിംസിന് കൊടിയിറങ്ങിയപ്പോള്‍ കേരളത്തിന് ല­ഭിച്ചത് 14-ാം സ്ഥാനം. ഒരു കണക്കില്‍ പറഞ്ഞാല്‍ നമ്മുടെ ടീം മാനേജ്മെന്റ് ഇതില്‍പരമൊന്നും പ്രതീക്ഷിച്ചിട്ടുമില്ലെന്നുവേണം മനസിലാക്കാന്‍. ദേശീയ ഗെ­യിംസ് ചരിത്രത്തില്‍ ഒരു ഘട്ടത്തിലും കേരളം ഇത്രയും പിന്നിലായിട്ടില്ല. 2023ല്‍ 36 സ്വര്‍ണമടക്കം 87 മെഡലുകളാണ് സ്വന്തമാക്കിയിരുന്നതെങ്കില്‍ രണ്ട് വര്‍ഷത്തിനിപ്പുറം 13 സ്വര്‍ണമുള്‍പ്പെടെ നേടിയ മെഡലുകളുടെ എണ്ണം 54.

2015ല്‍ രണ്ടാം സ്ഥാനക്കാരായിരുന്നു. 2023ല്‍ അഞ്ചാംസ്ഥാനം. എന്നാല്‍ ഇ­പ്പോള്‍ 14-ാം സ്ഥാനത്തേക്ക് മൂക്കുകുത്തി നാണക്കേടിന്റെ പടുകുഴിയിലാണ്. കളിരപ്പയറ്റിനെ പ്രദര്‍ശന ഇനമാക്കിയതോടെ കഴിഞ്ഞ ഗെയിംസില്‍ നേടിയ 19 സ്വര്‍ണമാണ് നമുക്ക് നഷ്ടമായത്. മലയാളിയായ ഒളിമ്പിക് അസോസിയേഷന്റെ ദേശീയ അധ്യക്ഷ പിടി ഉഷയുടെ ഇടപെടലിനെ തുടര്‍ന്നാണ് കളരിപ്പയറ്റിനെ മത്സര ഇനത്തില്‍ നിന്നും ഒഴിവാക്കിയതെന്നതും ശ്രദ്ധേയമാണ്.

ഫുട്‌ബോളില്‍ നേടിയ സ്വര്‍ണം അഭിമാനമായെങ്കിലും അത്‌ലറ്റിക്‌സില്‍ മികവുകണ്ടെത്താനായില്ല. മികച്ച സ്‌ക്വാഡല്ലെങ്കിലും അര്‍പ്പണവും തയ്യാറെടുപ്പും തന്നെയായിരുന്നു പന്തുകളിയിലെ വിജയം സമ്മാനിച്ചത്. നീന്തലില്‍ ട്രിപ്പില്‍ സ്വര്‍ണം നേടിയ ഹര്‍ഷിത ജയറാമും ഒരു സ്വര്‍ണമുള്‍പ്പെടെ നാലു മെഡലുകള്‍ നേടിയ സജന്‍ പ്രകാശും ഭാരോദ്വഹനത്തില്‍ സുവര്‍ണനേട്ടം കൊയ്ത സുഫ്‌ന ജാസ്മിനും ടീമിനുണ്ടായ വന്‍ തിരിച്ചടികളെ അതിജീവച്ച് മുന്നേറി. ഫുട്‌ബോളിനൊപ്പം സ്വര്‍ണം നേടാമായിരുന്ന വോളിബോളില്‍ വെള്ളിയാണ് ലഭിച്ചത്. തര്‍ക്കങ്ങള്‍ക്കും വ്യവഹാരങ്ങള്‍ക്കുമൊടുവില്‍ ടീം വേണ്ട രീതിയില്‍ സെറ്റാകാന്‍ സമയം കിട്ടാതെ പോയതാണ് വോളിയിലെ രണ്ടു മെഡലുകളും നഷ്ടമാകാന്‍ കാരണമായത്.

അത്‌ലറ്റിക്‌സില്‍ പല ഇനങ്ങളിലും മികച്ച താരങ്ങളെ പങ്കെടുപ്പിക്കാന്‍ കേരളത്തിന് കഴിഞ്ഞില്ല. ഡെക്കാത്തലോണിലും 4x400 മീറ്റര്‍ മിക്‌സഡ് റിലേയിലുമാണ് കേരളം സ്വര്‍ണം നേടിയത്. ഡെക്കാത്തലോണില്‍ കഴിഞ്ഞ വര്‍ഷം വെങ്കലം നേടിയ തൗഫീഖ് ഇത്തവണ സ്വര്‍ണമാക്കി ഉയര്‍ത്തിയത് നേട്ടം തന്നെയാണ്. സാന്ദ്ര ബാബു ലോങ് ജംപില്‍ വെള്ളിയും ട്രിപ്പിളില്‍ വെങ്കലവും നേടി. വനിതകളുടെ 4x400 മീറ്റര്‍ റിലേയില്‍ നിന്നാണ് കേരളത്തിന്റെ മറ്റെരു വെള്ളി. ഡിസ്‌കസ് ത്രോയില്‍ അലക്‌സ് പി തങ്കച്ചന്‍ വെങ്കലം നേടി. 31 വര്‍ഷത്തിന് ശേഷമാണ് കേരളം ത്രോ ഇനത്തില്‍ മെഡല്‍ നേടുന്നത്. വനിതകളുടെ പോള്‍ വാള്‍ട്ടില്‍ ഗോവ ദേശീയ ഗെയിംസില്‍ വെള്ളി നേടിയ മരിയ ജേയ്‌സന് ഇത്തവണ വെ­ങ്കലം മാത്രമാണ് നേടാന്‍ സാധിച്ചത്. 110 ഹര്‍ഡില്‍സില്‍ മുഹമ്മദ് ലസാന്‍, ട്രിപ്പിള്‍ ജംപില്‍, മുഹമ്മദ് മുഹ്‌സിന്‍, 400 മീറ്ററില്‍ മനു ടി എസ്, ലോങ് ജംപില്‍ അനുരാഗ് സിവി, 4x100 മീറ്റര്‍ റിലേ എന്നിവയിലാണ് വെങ്കലം.

കനോയിങ്ങ് കയാക്കിങ് വിഭാഗത്തില്‍ കേരളം ഗോവയിലും ഗുജറാത്തിലും സ്വര്‍ണങ്ങളടക്കം കൂടുതല്‍ മെഡലുകള്‍ നേടിയിരുന്നെങ്കിലും ഇത്തവണ ഒരു വെള്ളിയും രണ്ട് വെങ്കലവും മാത്രമാണ് ലഭിച്ചത്. ജിംനാസ്റ്റിക്സിലാണ് ഇത്തവണ അപ്രതീക്ഷതമായ മെഡല്‍ നേട്ടം ഉണ്ടായത്. പരിമിതമായ പരിശീലന സൗകര്യത്തില്‍നിന്നുകൊണ്ടാണ് ജിംനാസ്റ്റിക്സില്‍ കേരളം മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തതെന്നതും ശ്രദ്ധേയമാണ്. ജിംനാസ്റ്റിക്‌സിലെ സാധ്യതകളെ മെച്ചപ്പെടുത്താന്‍ കൂടുതല്‍ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ അടുത്ത ഗെയിംസില്‍ ഈ വിജയം ആവര്‍ത്തിക്കാന്‍ കഴിയില്ലെന്നുറപ്പിക്കാം. ഫെന്‍സിങ്ങില്‍ കഴിഞ്ഞ വര്‍ഷം കേരളത്തിന് രണ്ട് വെള്ളിയും ഒരു വെങ്കലവും ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ഒന്നില്‍ ഒതുങ്ങി. പല ഇനങ്ങള്‍ക്കും മതിയായ പരിശീലനം ലഭിക്കാതെയാണ് ടീം ഗെ­യിംസ് വില്ലേജിലേക്കെത്തിയത്. പുറപ്പെടുന്നതിന് 10 ദിവസം മുമ്പ് മാത്രമാണ് പല ക്യാമ്പുകളും തുടങ്ങിയത്. ഒരു തരത്തിലുള്ള പരിശീലനവും ഇല്ലാതെ മത്സരത്തിനെത്തിയ ടീമുകളും ഉണ്ടായിരുന്നു. ഹരിയാന, മഹാരാഷ്ട്ര, സര്‍വീസസ് തുടങ്ങിയ കരുത്തരോട് ഏറ്റുമുട്ടാന്‍ ഒരുമാസമെങ്കിലും നീളുന്ന മികച്ച പരിശീലനം ആവശ്യമാണെന്നിരിക്കെ ഭാഗ്യത്തിനു വിട്ടുകൊടുത്തായിരുന്നു കേരളത്തിന്റെ യാത്ര. പരിശീലനം കൊണ്ട് നേടാവുന്ന മുന്നൊരുക്കവും കായികക്ഷമതയും ആത്മവിശ്വസവുമൊക്കെയായിരുന്നു മുന്‍ കാലങ്ങളില്‍ കേരളത്തിന്റെ കരുത്തെങ്കില്‍ അതെല്ലാം പാടെ മറന്നമട്ടാണ്. കേരളം രണ്ടാം സ്ഥാനം നേടിയ 2015ലെ ഗെയിംസില്‍ ഒരുമാസത്തിലേറെ നീണ്ട തയ്യാറെടുപ്പിലൂടെയാണ് നേട്ടം സ്വന്തമാക്കിയത്. ഇപ്പോള്‍ ദേശീയ ഗെയിംസിന് വേണ്ടി മാത്രമായി ഇറങ്ങുന്ന ടീം എന്നതാണ് പ്രധാന പ്രശ്നം. രാജ്യത്തെ മറ്റു ദേശീയ ചാമ്പ്യന്‍ഷിപ്പുകളും മത്സരിപ്പിച്ചാല്‍ മാത്രമേ റാങ്കിങ്ങില്‍ താരങ്ങള്‍ക്ക് നിലനില്‍പ്പുണ്ടാകൂ.
നേരത്തെ കേരളത്തിനായി സ്വര്‍ണം നേടിയിരുന്ന താരങ്ങള്‍ പട്ടാള ടീമായ സര്‍വീസസിന്റെ കുപ്പായത്തിലേക്ക് മാറിയത് കേരളത്തിന് വിനയായി. ജോലിയും മറ്റ് സൗകര്യങ്ങളും നോക്കി കേരളത്തിന്റെ കായികതാരങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും ടീമുകളിലേക്കും ചേക്കറുകയും ആ ടീമുകള്‍ക്കുവേണ്ടി മെഡല്‍ കൊയ്ത് നടത്തുകയും ചെയ്യുന്ന കാഴ്ചയാണ് ഈ ഗെയിംസിലും കണ്ടത്. മികച്ച താരങ്ങളെ കണ്ടെത്തുന്നതോടൊപ്പം അവരെ സംസ്ഥാനത്തു തന്നെ നിലനിര്‍ത്തുന്നതിനാവശ്യമായ കാര്യങ്ങളില്‍ മുന്‍ കാലങ്ങളില്‍ പുലര്‍ത്തിയിരുന്ന ജാഗ്രതയില്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യം തന്നെയാണ്. മാത്രമല്ല പുതിയ താരങ്ങളെ കണ്ടെത്തുന്നതിനും വളര്‍ത്തിയെടുക്കുന്നതിനും മെഡല്‍ കണ്ടെത്തുന്നതിനുമൊക്കെ അര്‍പ്പണമനസോടെ പ്രവര്‍ത്തനം നടത്തുന്നതിനും ആവശ്യമായ സാമ്പത്തിക സഹായങ്ങളടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനും കാര്യമായ വീഴ്ച സംഭവിക്കുന്നുണ്ട്. അതിന്റെയെല്ലാം പ്രതിഫലനമായി വേണം ദേശീയ ഗെയിംസിലെ പരിതാപകരമായ പ്രകടനത്തെ വിലയിരുത്താന്‍. ഒന്നാഞ്ഞു പിടിച്ചാല്‍ കേരളത്തിന് ഈ കിതപ്പകറ്റി കുതിച്ചു കയറാന്‍ സാധിക്കും. സ്‌പോട്‌സ് കൗണ്‍സിലും കായിക വകുപ്പും അതിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കണം.
മെസിയെ കേരളത്തിലെത്തിക്കുന്നത് നല്ല കാര്യം തന്നെ, അതോടൊപ്പം നാം അടക്കവാണിരുന്ന കായിക തട്ടകങ്ങളിലെ ദയനീയ പ്രകടനം മെച്ചപ്പെടുത്താനുള്ള പദ്ധതിയും വേണം.

Exit mobile version